ബിന്ദു അമ്മിണിക്കെതിരെ വീണ്ടും അക്രമം
|അടുത്തിടെയാണ് തന്നെ ഓട്ടാറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമം നടന്നതായി ബിന്ദു അമ്മിണി പൊലീസിൽ പരാതിപ്പെട്ടത്
അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ബിന്ദു അമ്മിണിയെ വീണ്ടും അക്രമിച്ചതായി പരാതി. കോഴിക്കോട് ബീച്ചിൽ വെച്ചാണ് ബിന്ദു അമ്മിണിയെ മദ്യ ലഹരിയിലെത്തിയ ഒരാൾ അക്രമിച്ചത്. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ അക്രമിക്കുന്ന ദൃശ്യങ്ങൾ ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. അതേ സമയം പല തവണ തനിക്കെതിരെ സംഘപരിവാർ ഭീഷണി മുഴക്കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നോ സർക്കാരിന്റെ ഭാഗത്തു നിന്നോ അനുകൂലമായ നടപടിയുണ്ടായില്ലെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു.
അടുത്തിടെയാണ് തന്നെ ഓട്ടാറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമം നടന്നതായി ബിന്ദു അമ്മിണി പൊലീസിൽ പരാതിപ്പെട്ടത്. കൊയിലാണ്ടിക്കടുത്ത് പൊയിൽകാവിൽ വെച്ച് ഇവരെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിർത്താതെ പോവുകയായിരുന്നു. പിന്നീട തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഘപരിവാർ നിർദേശത്തോടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. ഇതിന് മുമ്പും ഇതുപോലെ വധശ്രമങ്ങൾ നടന്നതായും അവർ വ്യക്തമാക്കി.