Kerala
Violence against doctors in Thiruvananthapuram Medical College
Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് നേരെ അക്രമം

Web Desk
|
24 May 2023 3:48 PM GMT

ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയാണ് ഡോക്ടർമാരെ കൈയേറ്റം ചെയ്തത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് നേരെ അക്രമം. ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയാണ് ഡോക്ടർമാരെ കൈയേറ്റം ചെയ്തത്. സംഭവത്തിൽ ബാലരാമപുരം സ്വദേശി സുധീറിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

വാർഡിൽ വെച്ച് പിജി ഡോക്ടർമാരുമായുള്ള തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. നാളെ ഓപ്പറേഷനടക്കം നിശ്ചയിച്ച രോഗിയാണ് സുധീർ. ഡോക്ടർമാരുമായി തർക്കമുണ്ടായില്ലെന്നും ഡോക്ടർമാർ സംഘം ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്തായാലും ഇയാൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനായുള്ള ഓർഡിനൻസ് വിജ്ഞാപനമിറങ്ങിയ അതേ ദിവസമാണ് ഡോക്ടർമാർക്കെതിരെ വീണ്ടും അക്രമമുണ്ടായിരിക്കുന്നതെന്നാണ് ശ്രദ്ധേയമായ കാര്യം. ഭേദഗതി വരുത്തിയ ഓർഡിനൻസ് പ്രകാരം ആരോഗ്യ പ്രവർത്തകരെ വാക്കാൽ അപമാനിച്ചാൽ പോലും കേസെടുക്കും.

ഡോക്ടര്‍മാരെ വാക്കാല്‍ അപമാനിച്ചാല്‍ മൂന്ന് മാസം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ആണ് ശിക്ഷ. ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയോ 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും.

ഇത്തരം കേസുകളില്‍ 2 മാസത്തിനുള്ളില്‍ പോലീസ് അന്വേഷണം പൂർത്തിയാക്കണം. അതു പോലെ വിചാരണ നടപടികള്‍ ഒരു വര്‍ഷത്തിനകവും പൂര്‍ത്തിയാക്കണം. വൈകിയാല്‍ കാരണങ്ങള്‍ കോടതി രേഖപ്പെടുത്തണം. കേസുകളുടെ നടത്തിപ്പിനായി സര്‍ക്കാരിന് ഓരോ ജില്ലയിലും സ്പെഷ്യല്‍ കോടതിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിക്കാവുന്നതാണ്.

Similar Posts