ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം; ഓർഡിനൻസ് കോടതിക്ക് കൈമാറി സർക്കാർ
|കുത്തേറ്റ ഹോംഗാർഡ് അലക്സ് കുട്ടി മാത്രമാണ് വന്ദനയെ രക്ഷിക്കാൻ നന്നായി പരിശ്രമിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു
കൊച്ചി: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ സർക്കാർ ഹൈക്കോടതിക്ക് ഓർഡിനൻസ് കൈമാറി. ഡോക്ടർമാരുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും നിർദേശങ്ങൾ പരിഗണിച്ചു കൂടെ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഡോക്ടർമാരുടെ സംഘടനകളുടെ പ്രസിഡന്റിനെയോ സെക്രട്ടറിയോ കേൾക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ആശുപത്രികളിൽ എത്തുന്ന പ്രതികളുടെ കൈവശം ആയുധം കിട്ടാതിരിക്കാൻ പൊലീസ് ശ്രദ്ധചെലുത്തണമെന്നും പ്രതികളെ കൃത്യമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു. വന്ദനയുടെ മരണത്തിന് കാരണമായത് സംവിധാനങ്ങളുടെ പരാജയം തന്നെയാണെന്നും കോടതി വിലയിരുത്തി. കുത്തേറ്റ ഹോംഗാർഡ് അലക്സ് കുട്ടി മാത്രമാണ് വന്ദനയെ രക്ഷിക്കാൻ നന്നായി പരിശ്രമിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.
വന്ദനയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിൽ നഷ്ടപരിഹാരം ഇപ്പോൾ സജീവ പരിഗണനയിലില്ലെന്ന് സർക്കാർ അറിയിച്ചു.