Kerala
കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്, നിരവധി പേര്‍ക്ക് പരിക്കേറ്റു
Kerala

കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്, നിരവധി പേര്‍ക്ക് പരിക്കേറ്റു

Web Desk
|
28 Oct 2021 3:58 AM GMT

കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്

കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തര്‍ക്കം അവസാനം കൂട്ടത്തല്ലില്‍ കലാശിച്ചു. കൊല്ലം ബീച്ചിലുണ്ടായ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. പള്ളിത്തോട്ടത്ത് നിന്ന് കാറില്‍ ബീച്ചില്‍ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പുരുഷന്‍മാരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വഴിയോര കച്ചവടം നടത്തുന്ന വൃദ്ധനില്‍ നിന്ന് ഇയാള്‍ കപ്പലണ്ടി വാങ്ങി. കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ കൊടുത്തു. എന്നാല്‍ കപ്പലണ്ടി തിരിച്ചു വാങ്ങാന്‍ കച്ചവടക്കാരന്‍ കൂട്ടാക്കിയില്ല. കോവിഡ് കാലമായതിനാല്‍ കപ്പലണ്ടി തിരികെ വാങ്ങാന്‍ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരന്‍.

ക്ഷുഭിതനായ യുവാവ് കപ്പലണ്ടി വൃദ്ധന്‍റെ മുഖത്തേക്ക് വലിച്ചെറിയുകയും തുടര്‍ന്ന് കയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഇതിനിടയില്‍ ഒരാള്‍ യുവാവിനെ ആക്രമിക്കുകയും ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.



Similar Posts