സെന്‍റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം; അള്‍ത്താരയിലേക്ക് ഒരു വിഭാഗം വിശ്വാസികള്‍ ഇരച്ചുകയറി
|അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർത്തു
കൊച്ചി: കുർബാന തർക്കം നടക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സംഘർഷം. ജനാഭിമുഖ കുർബാന നടക്കുന്ന അൾത്താരയിലേക്ക് ഒരു വിഭാഗം വിശ്വാസികൾ ഇരച്ചു കയറി. അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർത്തു. പൊലീസും വിശ്വാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുകയാണ് വിശ്വാസികള്‍. വൈദികര്‍ പൊലീസ് വലയത്തിലാണ്.
പ്രതിഷേധ സൂചകമായിട്ടാണ് ജനാഭിമുഖ കുർബാന നടത്തുന്നത്. ക്രിസ്മസ് ദിനം വരെ കുർബാന നടത്താനാണ് തീരുമാനം. ഏകീകൃത കുർബാന ആവശ്യപ്പെടുന്ന വിഭാഗവും പള്ളിക്ക് പുറത്ത് തുടരുകയാണ്.ഇന്നലെ വൈകിട്ടാണ് പ്രതിഷേധം ആരംഭിച്ചത്. രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. ജനാഭിമുഖ കുർബാന തടസപ്പെടുത്താനുള്ള ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ശ്രമം പൊലീസ് ഇടപെടലിലൂടെയാണ് മറികടന്നത്.
ഇന്നലെ വൈകിട്ട് പള്ളിയുടെ അഡ്മിനിസ്ട്രേറ്ററായ ആന്‍റണി പൂതവേലിൽ ഏകീകൃത കുർബാന അർപ്പിച്ചതോടെ തുടങ്ങിയ പ്രതിഷേധത്തിനാണ് മണിക്കൂറുകൾ പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നത്. വൈദികർ ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടയിൽ ആന്‍റണി പൂതവേലിൽ എത്തി അൾത്താരയെ അഭിമുഖീകരിച്ച് ഏകീകൃത കുർബാന ചൊല്ലുകയായിരുന്നു. ഇതോടെ ശക്തമായ പ്രതിഷേധവുമായി വിമത വിഭാഗം എത്തി.ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ കൂടി എത്തിയതോടെ തർക്കം പലപ്പോഴും സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ജനാഭിമുഖ കുർബാനയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായി. സ്ത്രീകൾ ഉൾപ്പെടെ അൾത്താരയ്ക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.