''എന്തോ... എന്നെ വിളിച്ചോ... ഒരു മിനിറ്റേ...'' പണിമുടക്കിനിടെ വൈറലായി ' ഹോൺ ' രക്ഷിച്ച പ്രവർത്തകൻ
|കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് പോയ യാത്രക്കാരെ ഡോക്ടർ ലീവാണെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വാഹനങ്ങൾ തടയുകയും കട അടപ്പിക്കുന്ന സംഭവങ്ങളും അരങ്ങേറിയിരുന്നു.
പക്ഷേ അതിൽ ചില സംഭവങ്ങൾ ചിരിപ്പിക്കുന്നതുമായിരുന്നു. അങ്ങനെ ചില സംഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. അത്തരത്തിൽ ഒന്നാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഹർത്താൽ എന്തിനാണ് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിന്നപ്പോൾ ' ഹോൺ' രക്ഷിച്ച പണിമുടക്ക് അനുകൂലിയാണ് ഇപ്പോൾ വൈറൽ.
പണിമുടക്കിനിടെ ഒരു വാഹനം തടയുകയും, വാഹന യാത്രക്കാർ തടഞ്ഞയാളോട് ' എന്തിനാ ഹർത്താൽ എന്ന് ചോദിക്കുകയും' ചെയ്യുന്നതാണ് സംഭവങ്ങളുടെ തുടക്കം. എല്ലാത്തിനും എന്നതായിരുന്നു പ്രവർത്തകന്റെ ആദ്യ മറുപടി, വീണ്ടും യാത്രക്കാർ എന്തിനാണ് ഹർത്താൽ എന്ന് ചോദിക്കുന്നു അപ്പോൾ, പകച്ചു പോയ പ്രവർത്തകൻ, എന്താ ഇന്നത്തെ ദിവസത്തെ പ്രത്യേകതയെന്ന് ചോദിക്കുന്നു- അപ്പോഴാണ് എവിടുന്നോ രക്ഷകനെപ്പോലെ മറ്റൊരു വാഹനത്തിൽ ഒരു ഹോൺ കേൾക്കുന്നതോടെ..' ഒരു മിനിറ്റേ' എന്ന് പറഞ്ഞ് പ്രവർത്തകൻ സ്ഥലം വിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിരവധി ട്രോൾ വീഡിയോകളിലും ട്രോളുകളിലും താരമാണ് ഇപ്പോൾ ഈ പ്രവർത്തകൻ. എന്നാൽ ഈ ദൃശ്യങ്ങൾ എവിടെ നിന്നാണെന്ന് വ്യക്തമല്ല.
കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് പോയ യാത്രക്കാരെ ഡോക്ടർ ലീവാണെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.