Kerala
പൈസയില്ലെങ്കിൽ എന്തിനാടോ ഡോറ് പൂട്ടിയത്...; നിരാശക്കുറിപ്പെഴുതിയ വൈറൽ കള്ളൻ പിടിയിൽ
Kerala

'പൈസയില്ലെങ്കിൽ എന്തിനാടോ ഡോറ് പൂട്ടിയത്...'; നിരാശക്കുറിപ്പെഴുതിയ വൈറൽ കള്ളൻ പിടിയിൽ

Web Desk
|
18 Jun 2022 1:11 PM GMT

കേരളത്തിലെ വിവിധ ജില്ലകളിൽ 53 ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്

തൃശൂര്‍: കുന്ദംകുളത്തെ ഒരു കടയിൽ കയറി നിരാശക്കുറിപ്പെഴുതി വൈറലായ കള്ളനെ മാനന്തവാടി പൊലീസ് പിടികൂടി. വയനാട് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് പിടിയിലായത്. മോഷ്ടിക്കാൻ കയറിയ കടയിൽ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോൾ 'പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്..' എന്നായിരുന്നു കള്ളന്‍റെ കുറിപ്പ്.

വയനാട് ഉൾപ്പെടെ കേരളത്തിലെ നിരവധി ജില്ലകളിൽ 53 ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്. മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് തന്ത്രപരമായി പൊലീസ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, കൊയിലാണ്ടി, ഫറോഖ്, ഗുരുവായൂർ, കണ്ണൂർ, ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിൽ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടർന്ന് ഇയാൾ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു. മെഡിക്കൽ കോളജിലെയടക്കം വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി വിശ്വനാഥ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ കൽപ്പറ്റ പൊലീസിന് കൈമാറി.

കഴിഞ്ഞയാഴ്ച കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടകളില്‍ ഇയാൾ കയറിയിരുന്നു. ഒരു കടയില്‍ നിന്ന് 12,000 രൂപയും മറ്റൊരു കടയില്‍ നിന്ന് 500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. എന്നാല്‍ മൂന്നാമത്തെ കടയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോഴായിരുന്നു പൊട്ടിച്ച ഗ്ലാസിൽ വൈറലായ നിരാശക്കുറിപ്പെഴുതിയത്.

Related Tags :
Similar Posts