സെഞ്ച്വറിയില്ലാതെ 50 ഇന്നിങ്സുകള്‍; റണ്‍മെഷീന്‍ നിശബ്ദമായിട്ട് രണ്ട് വര്‍ഷം
|രണ്ട് വര്‍ഷം മുമ്പ് കൊല്‍ക്കത്തയില്‍ വെച്ച് നടന്ന ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ ശേഷം പിന്നെ കോഹ്‍ലിക്ക് മൂന്നക്കം വിലക്കപ്പെട്ട കനിയാണ്...
ഇന്ത്യന്‍ ക്യാപ്റ്റനിതെന്തുപറ്റി...? ക്രിക്കറ്റ് ആരാധകര്‍ ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.. കൃത്യമായി പറഞ്ഞാല്‍ 2019 നവംബറിന് ശേഷമാണ് ഈ ചോദ്യം ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയത്. അന്നാണ് അവസാനമായി ഇന്ത്യന്‍ നായകന്‍റെ ബാറ്റില്‍ നിന്ന് മൂന്നക്കം പിറക്കുന്നത്. അന്ന് കൊല്‍ക്കത്തയില്‍ വെച്ച് നടന്ന ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ ശേഷം പിന്നെ കോഹ്‍ലിക്ക് മൂന്നക്കം വിലക്കപ്പെട്ട കനിയാണ്. സച്ചിന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മാത്രം ജനിച്ച താരം എന്നാണ് കോഹ്‍ലി ക്രിക്കറ്റില്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയ കാലത്ത് വിശേഷിപ്പിച്ചിരുന്നത്. ഇതിഹാസ താരമായ ബ്രാഡ്മാനുള്‍പ്പടെയുള്ളവരുമായും കോഹ്‍ലിയെ താരതമ്യപ്പെടുത്തിയവരും ഏറെയുണ്ട്.
ഒടുവില്‍ 'റണ്‍മെഷീന്‍' എന്ന വിളിപ്പേരും കോഹ്‍ലിക്ക് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തു. 'കിങ് കോഹ്‍ലി' എന്ന് സ്നേഹത്തോടെ ആരാധകര്‍ വാഴ്ത്തിപ്പാടിയ ഇന്ത്യന്‍ നായകന് കുറച്ചധികം കാലമായി ശനിയുടെ അപഹാരമാണെന്നാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിച്ചുകൂട്ടിക്കൊണ്ടിരുന്ന താരത്തിന്‍റെ ബാറ്റിന് പഴയ പ്രഹരശേഷിയില്ലെന്ന് ആരാധകരും വിശ്വസിച്ച് തുടങ്ങിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അവസാന ആറ് ഇന്നിങ്‌സുകളിൽ നിന്നായി കോഹ്‍ലിയുടെ സ്കോര്‍ 44, 13, 0, 42, 20,7 എന്നിങ്ങനെയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ക്യാപ്റ്റന് ഫോം കണ്ടെത്താനായില്ല എന്നത് തന്നെയാണ് വീണ്ടും ആരാധകരെ പ്രകോപിപ്പിക്കുന്നത്. ഇന്ന് നടന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും താരം രണ്ടക്കം പോലും കാണാതെയാണ് പുറത്തായത്. പ്രായത്തെ തോല്‍പ്പിക്കുന്ന ബൌളിങ് മികവ് കാട്ടുന്ന ഇംഗ്ലണ്ട് പേസര്‍ ആന്‍ഡേഴ്സണാണ് കോഹ്‍ലിയെ വീഴ്ത്തിയത്.
നേരത്തെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്‍ലി ആന്‍ഡേഴ്സണിന് മുന്നില്‍ വീണിരുന്നു. നേരത്തെ ടെസ്റ്റ് കരിയറിൽ ഒൻപത് തവണ സച്ചിന്‍റെ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് അൻഡേഴ്സൺ. ഇന്നത്തെ വിക്കറ്റ് ഉള്‍പ്പടെ വിരാട് കോഹ്‍ലിയെ ഏഴ് തവണ പുറത്താക്കാനും ആന്‍ഡേഴ്സണ് സാധിച്ചു. കോഹ്‍ലിയുടെ സെഞ്ച്വറി പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശപടര്‍ത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ നായകന്‍റെ ഭാഗത്ത് നിന്നുണ്ടായത്.
2020 ജനുവരി ഒന്നു മുതല്‍ കോലിയുടെ ടെസ്റ്റ് ബാറ്റിങ് ശരാശരി വെറും 23 റണ്‍സ് മാത്രമാണ്. (11 ടെസ്റ്റ്, 18 ഇന്നിങ്‌സ്, 414 റണ്‍സ്) അവസാനമായി കളിച്ച 18 ടെസ്റ്റുകളിലും 17 ടി 20 മത്സരങ്ങളിലും 15 ഏകദിനങ്ങളിലും നിന്നുമായി ഒരു സെഞ്ച്വറി പോലും കണ്ടെത്താന്‍ കോഹ്‍ലിക്കായിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്ന കോഹ്‍ലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ഈ രണ്ടുവര്‍ഷ കാലയളവിലാണ്.
കോഹ്‍ലിയെപ്പോലെ പ്രതിഭാസമ്പന്നനായ താരം ഇത്ര ദീര്‍ഘമായ കാലയളവില്‍ ഫോം ഔട്ട് ആയിനില്‍ക്കുന്നത് ക്രിക്കറ്റ് ലോകത്ത് വ്യാപക ചര്‍ച്ചകള്‍ക്കും സ്വാഭാവികമായി വഴിവെച്ചിട്ടുണ്ട്. കോഹ്‍ലിക്ക് ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ കഴിയാതെ വരുന്നതോടെ റണ്‍ മെഷീന്‍ തകരാറിലായോ എന്നടക്കമുള്ള വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ ഉയരുന്നത്.
കോഹ്‍ലിയുടെ റണ്‍സ് നേട്ടം; വര്‍ഷ തിരിച്ചുള്ള കണക്ക്
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നിന്നായി കോഹ്‍ലി ഒരു കലണ്ടര്‍ വര്‍ഷം സ്കോര്‍ ചെയ്ത റണ്‍സ് താഴെ ചേര്‍ക്കുന്നു
ടെസ്റ്റ്
2016--1215 റണ്‍സ്,
2017-- 1059 റണ്‍സ്
2018-- 1322 റണ്‍സ്
2019-- 612 റണ്‍സ്
2020-- 116 എന്നിങ്ങനെയാണ് സമ്പാദ്യം.
ഏകദിനം
2017--1460 റണ്‍സ്
2018-- 1202 റണ്‍സ്
2019-- 1377 റണ്‍സ്
2020-- 431-റണ്‍സ്
2021--129 റണ്‍സ്
അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള കോഹ്‍ലിയുടെ ബാറ്റിങ് പ്രകടനം വര്‍ഷം തിരിച്ച്
ടെസ്റ്റ്
ഏകദിനം
സെഞ്ച്വറി കണ്ടെത്താന്‍ വിഷമിക്കുമ്പോഴും ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരി നിലനിര്‍ത്തുന്ന ഏകതാരം കൂടിയാണ് കോഹ്‍ലി. ക്യാപ്റ്റന്‍ എന്ന നിലയിലും കോഹ്‍ലിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നതെന്ന് വിമര്‍ശകര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. എങ്കിലും കിങ് കോഹ്‍ലിയുടെ ബാറ്റില്‍ നിന്നുള്ള സെഞ്ച്വറിക്ക് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.