ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി; 70,000 പേർക്ക് പ്രവേശനം
|80,000 പേർക്കാണ് പ്രതിദിന പ്രവേശനം, 10,000 പേരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. കഴിഞ്ഞതവണത്തെ തിരക്ക് മൂലമാണ് ഇത്തവണ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് പറഞ്ഞു.
പ്രവേശനം പ്രതിദിനം 80,000 പേർക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 70,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെ പ്രവേശനം നൽകുക. ബാക്കി 10000 പേരെ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഉടൻ ആലോചിച്ച് തീരുമാനിക്കും. ഒരു ഭക്തനും തിരിച്ചുപോകുന്ന പ്രശ്നം ഉദിക്കുന്നില്ല. മണ്ഡലകാലത്ത് നട തുറക്കും മുമ്പേ തീരുമാനമുണ്ടാകുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
തുലാമാസ പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറന്നു. മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം കൊളുത്തി. തന്ത്രി കണ്ഠരര് രജീവരുടെ സാന്നിധ്യത്തിലായിരുന്നു നടതുറക്കൽ.
മണ്ഡല മഹോത്സവ ഒരുക്കങ്ങളുടെ തുടക്കം കൂടിയാണ് തുലാമാസ പൂജയ്ക്കായുള്ള നടതുറക്കൽ. തുലാമാസ പൂജകൾക്കുശേഷം ഈ മാസം 21ന് നടയടക്കും. അടുത്ത 15നാണ് മണ്ഡലകാലം ആരംഭിക്കുക. ഇതിനു മുന്നോടിയായി നാളെ മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടക്കും.