Kerala
വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണം പ്രണയനൈരാശ്യമെന്ന് കുറ്റപത്രം
Kerala

വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണം പ്രണയനൈരാശ്യമെന്ന് കുറ്റപത്രം

Web Desk
|
15 Dec 2022 11:49 AM GMT

കൊലപാതകം ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും കുറ്റപത്രം

കണ്ണൂർ: പാനൂരിലെ കൊലപാതകം നടത്തിയത് പ്രതി ശ്യാംജിത്ത് ഒറ്റയ്ക്കാണെന്നും ആഴ്ചകൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൃത്യം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. തലശ്ശേരി എസിജിഎം കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബർ 22 നാണ് പാനൂർ വള്ള്യായി സ്വദേശിനി വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നത്. കേസിൽ അന്വേഷണം പൂർത്തീകരിച്ച പാനൂർ പൊലീസ് തലശ്ശേരി എ സി ജെ എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ 23-കാരൻ ശ്യാംജിത്ത് മാത്രമാണ് കേസിലെ പ്രതി. കൊലപാതകം ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കുറ്റപത്രം പറയുന്നു.

ശ്യാംജിത്തും വിഷ്ണുപ്രിയയും സുഹൃത്തുക്കളായിരുന്നു. എന്നാൽ ശ്യാംജിത്തിന്റെ പ്രണയം വിഷ്ണുപ്രിയ നിഷേധിച്ചതാണ് പകക്ക് കാരണം. വിപുലമായ ആസൂത്രണം നടത്തിയാണ് പ്രതി കൃത്യം നിർവഹിച്ചത്. കൊല നടത്താനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. 75 ഓളം സാക്ഷികൾ കേസിനുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 ഓളം മുറിവുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. കഴുത്ത് 75ശതമാനം അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൃത്യത്തിന്റെ ക്രൂരത വെളിവാക്കുന്നതാണ് ഇതെന്ന് കുറ്റപത്രം പറയുന്നു.

Similar Posts