Kerala
വിഷ്ണുപ്രിയയ്ക്ക് കണ്ണീരോടെ വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു
Kerala

വിഷ്ണുപ്രിയയ്ക്ക് കണ്ണീരോടെ വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

Web Desk
|
23 Oct 2022 11:42 AM GMT

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന്റെ പ്രധാന കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

കണ്ണൂർ: പാനൂർ വള്ളിയായിൽ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ വിഷ്ണുപ്രിയയ്ക്ക് കണ്ണീരോടെ വിട നൽ‍കി നാട്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിഷ്ണുപ്രിയയുടെ മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെ വള്ളിയായിലെ വീട്ടിലെത്തിച്ചു.

തുടർന്ന് വീടിനു സമീപം പൊതുദർശനത്തിനു വച്ചു. വന്‍ ജനാവലിയാണ് വിഷ്ണുപ്രിയയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടേക്ക് ഒഴുകിയെത്തിയത്. മൃതദേഹം കണ്ട് പലരും വിങ്ങിപ്പൊട്ടി. പൊതുദര്‍ശനത്തിന് ശേഷം നാലരയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

കൊലപാതക വിവരമറിഞ്ഞ് പിതാവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സഹോദരനും എത്തി. ഇന്നലെ രാവിലെയാണ് സഹോദരൻ പുതിയ ജോലിക്ക് ജോയിൻ ചെയ്യാനായി ഹൈദരാബാദിലേക്ക് പോയത്. പാനൂർ പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പതികളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്.

വിഷ്ണുപ്രിയക്ക് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന്റെ പ്രധാന കാരണമെന്ന് പോസ്റ്റ്മോർട്ടം ഫലം വ്യക്തമാക്കുന്നു. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൈയിലും കാലിലും മാറിലും ആഴമേറിയ മുറിവുകളുണ്ട്. തലയ്ക്ക് പിന്നിൽ ചുറ്റിക കൊണ്ട് ശക്തമായ അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ശനിയാഴ്ച 11.30നും 12.30നും ഇടയിലായിരുന്നു അരുംകൊല. പ്രണയം തകർന്നതു മുതൽ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടിൽ ആരുമില്ലാതിരുന്ന സമയം മനസിലാക്കി ബൈക്കിലെത്തിയാണ് കൃത്യം നടത്തിയത്. ആദ്യം വിഷ്ണു പ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. ശേഷം കഴുത്തറുക്കുകയും മറ്റു ഭാ​ഗങ്ങളിൽ മുറിവേൽപ്പിക്കുകയുമായിരുന്നു. പ്രണയപ്പകയാണ് കൊലയ്ക്കു കാരണം.

സ്വന്തമായി നിർമിച്ച ഇരുതല മൂർച്ചയുള്ള കത്തിയാണ് പ്രതി കൊല ചെയ്യൻ ഉപയോഗിച്ചത്. ഗൂഗിളിൽ സെർച്ച് ചെയ്താണ് കൊല ആസൂത്രണം ചെയ്തത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായത് വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴികളായിരുന്നു. കൊലയ്ക്കു ശേഷം ബൈക്കിൽ കയറി രക്ഷപെട്ട പ്രതിയെ പിടികൂടാനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും നാട്ടുകാരോട് വിവരം തേടുകയും ചെയ്യുന്നതിനിടെയാണ് ഈ മൊഴി ലഭിക്കുന്നത്.

11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. ഈ സമയം വിഷ്ണു പ്രിയ സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണുപ്രിയ സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യമാണ് സുഹൃത്ത് പൊലീസിനെ അറിയിച്ചത്. ഇയാളുടെ ചിത്രം സുഹൃത്ത് സ്ക്രീൻ റെക്കോർഡ് ചെയ്തിരുന്നു. ഇതും പൊലീസിന് നൽകി.

അതേസമയം, ശ്യാംജിത്ത് ഉപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീടിനു മുന്നിലെ വയലിൽ നിന്നാണ് ആയുധങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. ആയുധങ്ങൾ ബാഗിലാക്കി വയലിലെ കുഴിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. വിഷ്ണുപ്രിയയുടെ ആൺ‍ സുഹൃത്തിനെ കൊല്ലാനും ഇയാൾ പദ്ധതിയിട്ടിരുന്നു.

പ്രണയത്തിലായിരുന്ന വിഷ്ണുപ്രിയയും മുൻ കാമുകനായ ശ്യാംജിതും ഇടക്കാലത്ത് പിണങ്ങിയിരുന്നു. തുടർന്ന്, ഇനി ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് വിഷ്ണുപ്രിയ അറിയിച്ചു. ഇതോടെ ശ്യാംജിത്തിന് പെണ്‍കുട്ടിയോട് കടുത്ത പകയുണ്ടാവുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതും. സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ ഇയാളെ പിടികൂടിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.

Similar Posts