വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
|ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്
കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് എൻഫോഴ്സ്മെൻറിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്. സർക്കാർ തീരുമാനത്തിൽ സന്തോഷമെന്ന് വിസ്മയയുടെ കുടുംബം പ്രതികരിച്ചു. സ്ത്രീധന പീഡന കേസിൽ ഒരാളെ സർക്കാർ സർവീസിൽ നിന്ന് പരിച്ചുവിടുന്നത് ഇതാദ്യമായാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് കിരണിനെതിരെ നടപടി. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.
കേസിൽ അറസ്റ്റിലായ ഭർത്താവ് കിരൺകുമാറിന്റെ ജാമ്യാപേക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരം 498 എ, 304 ബി എന്നീ വകുപ്പുകൾ പ്രകാരം കേസ് പ്രഥദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അന്വേഷണ ഘട്ടത്തിൽ ജാമ്യത്തിന് അവകാശമില്ലെന്നും സെഷൻസ് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ജൂൺ 21 നാണ് വിസ്മയയെ കിരണിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായതായും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.