വിസ്മയയുടെ ശബ്ദമാണ് കോടതി മുറിയിൽ അലയടിച്ചത്, 304 ബി തെളിയിക്കാനായി: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
|'സ്ത്രീധന പീഡനം നടന്നാല്‍ നിയമം ഒരു ദാക്ഷിണ്യവും കാണിക്കില്ല എന്നതാണ് ഈ വിധി തെളിയിക്കുന്നത്'
കൊച്ചി: വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്. വിസ്മയയ്ക്ക് നീതി വാങ്ങി നൽകാൻ സാധിച്ചു എന്നതിൽ ചാരിതാർഥ്യമുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനായത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്നും ജി മോഹൻരാജ് മീഡിയവണിനോട് പറഞ്ഞു.
വിസ്മയ കേസിലെ വിധി എന്നത് തന്നെ സമൂഹത്തിന് സന്ദേശം നല്‍കുന്നു. സ്ത്രീധന പീഡനം നടന്നാല്‍ നിയമം ഒരു ദാക്ഷിണ്യവും കാണിക്കില്ല എന്നതാണ് ഈ വിധി തെളിയിക്കുന്നത്. 304 ബി എന്നത് വെല്ലുവിളി നിറഞ്ഞ കുറ്റകൃത്യമാണ്. സ്ത്രീധന മരണത്തിന് തൊട്ടുമുന്‍പ് സ്ത്രീധനത്തിനായി പീഡിപ്പിക്കപ്പെട്ടു എന്നാണ് തെളിയിക്കേണ്ടത്. അക്കാര്യത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായി. ഫോണിലെ സന്ദേശങ്ങള്‍, കോളുകള്‍ എന്നിവയില്‍ നിന്ന് സംഭവം നടന്ന ദിവസം എന്താണ് സംഭവിച്ചതെന്ന് തെളിയിക്കാനായി. വിസ്മയയുടെ സ്വരം തന്നെയാണ് കോടതി മുറിയിൽ അലയടിച്ചത്. ശിക്ഷാവിധി എന്താകും എന്നത് കോടതിയുടെ തീരുമാനമാണെന്നും ജി മോഹന്‍രാജ് പറഞ്ഞു.
കേസിന്‍റെ നാള്‍വഴി
2019 മേയ് 31നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാല്‍ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
2021 ജൂൺ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
2021 ജൂൺ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി
2021 ജൂൺ 22ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കിരൺ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
2021 ആഗസ്റ്റ് 6ന് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
2021 സെപ്റ്റംബർ 10ന് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു
2022 ജനുവരി 10ന് കേസിന്‍റെ വിചാരണ തുടങ്ങി
2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു
2022 മെയ് 23ന് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തെന്ന് കോടതി കണ്ടെത്തി.