'അവളുടെ ആത്മാവ് ഇതിലുണ്ട്': വിസ്മയയുടെ വിവാഹത്തിന് നൽകിയ കാറിൽ വിധി കേൾക്കാനെത്തി അച്ഛൻ
|'ഇന്ന് വിധി വന്നെന്ന് കരുതി താടിയെടുക്കില്ല. ഇനിയും കേസുമായി മുന്നോട്ടുപോകാനുണ്ട്'
കൊല്ലം: കിരണ്‍ കുമാറില്‍ മാത്രമായി കേസ് ഒതുങ്ങില്ലെന്നും ഇനിയും പ്രതികളുണ്ടെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇന്ന് വിധി വന്നെന്ന് കരുതി താടിയെടുക്കില്ല. ഇനിയും കേസുമായി മുന്നോട്ടുപോകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കിരണിന്‍റെ ബന്ധുക്കള്‍ സംസാരിക്കുന്ന വോയ്സ് ക്ലിപ് കിരണിന്‍റെ തന്നെ ഫോണില്‍ നിന്ന് കിട്ടിയിട്ടുണ്ട്. നമ്മുടെ വീട്ടില്‍ ഒരു പ്രശ്നം നടന്നാല്‍ നമ്മള്‍ കണ്ണടച്ചിരിക്കില്ലല്ലോ. ഇവിടെ ആകെ വിഷയമാണ്, മകളെ വിളിച്ചുകൊണ്ടുപോകണമെന്ന് പറഞ്ഞ് അവര്‍ക്ക് തന്നെ വിളിക്കാമായിരുന്നല്ലോ എന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.
വിസ്മയയ്ക്ക് വിവാഹത്തിന് നല്‍കിയ കാറിലാണ് പിതാവ് വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയത്- "എന്‍റെ മോളാണ് എന്‍റെ കൂടെ വന്നിരിക്കുന്നത്. അവള്‍ക്ക് ഈ വണ്ടി അത്ര ഇഷ്ടമായിരുന്നു. അവളുടെ ആത്മാവ് ഇതിലുണ്ട്. ഈ വണ്ടി പിന്നെ എടുത്തിട്ടില്ല. ഇന്നാണ് വണ്ടി എടുത്തത്. വിധി കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് കൊണ്ടുവന്നത്".
മകള്‍ മരിച്ചിട്ട് ഇന്ന് 11 മാസവും 3 ദിവസവും തികയുകയാണ്. ഇനി ഒരിക്കലും ജീവിതത്തില്‍ സന്തോഷമുണ്ടാകില്ല. വിധി സമൂഹത്തിന് സന്ദേശം നല്‍കുമെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.
"എന്‍റെ മോള്‍ അനുഭവിച്ചതിന്‍റെ പ്രതിഫലമായിട്ടായിരിക്കും ആ ശിക്ഷയെ കണക്കാക്കുന്നത്. സ്ത്രീധന പീഡന മരണമെന്നാല്‍ നാലു ചുവരിനുള്ളിലാണ് വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ റോഡില്‍ വച്ച്, വീട്ടില്‍ വച്ചൊക്കെ ആക്രമണമുണ്ടായിട്ടുണ്ട്. അത്രയും ധാര്‍ഷ്ട്യം നിറഞ്ഞ പ്രവൃത്തിയാണ് അവന്‍ ചെയ്തത്. അവന്‍റെ തോളത്ത് രണ്ടു സ്റ്റാറുണ്ടെന്ന ഹുങ്ക്, ഗമ. ദൈവത്തിന്‍റെ ഒരു കയ്യൊപ്പ് ഉണ്ടെന്ന് മനസിലായത് അവന്‍റെ ഫോണില്‍ നിന്നാണ് ഈ തെളിവൊക്കെ കിട്ടിയത്. പാര്‍ട്ടിയും മാധ്യമ സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരും ഞങ്ങടെ കൂടെ നിന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും എന്‍റെ കൂടെ നിന്നു"- ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
"ദയവ് ചെയ്തു കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുത്തതിനു ശേഷം ഒരു ജോലി കിട്ടിയിട്ട് വേണം പക്വതയായിട്ടുവേണം വിവാഹം ചെയ്തുകൊടുക്കാന്‍. എന്തുകൊടുക്കും എന്നു ചോദിച്ചാല്‍ കുട്ടിയെ മാത്രമേ കൊടുക്കൂ സ്വര്‍ണവും വസ്തുവകകളും കൊടുക്കില്ല എന്നു വേണം പറയാന്‍. എന്‍റെ അറിവില്ലായ്മ കൊണ്ടാണ് ഞാന്‍ ഇന്നതൊക്കെ കൊടുക്കുമെന്ന് ഭര്‍തൃവീട്ടുകാരോട് പറഞ്ഞത്. അതിന്‍റെ ശിക്ഷയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ അതു മാറാന്‍ പോകുന്നില്ല. കണ്ണുനീര് തോരാത്ത ഒരു ദിവസം പോലുമില്ല. സൗദിയില്‍ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് കുട്ടിയെ വിവാഹം കഴിച്ച് അയച്ചത്. എന്‍റെ ജീവിതം തകര്‍ന്നു പോയി. ഇനി ഒരച്ഛനും ഈ ഗതി വരരുത്"- വിസ്മയയുടെ പിതാവ് പറഞ്ഞു.