Kerala
എന്റെ മോൾക്ക് നീതി കിട്ടി, സമൂഹത്തിനുള്ള മെസേജ്; വിധിയിൽ പ്രതികരിച്ച് വിസ്മയയുടെ അച്ഛൻ
Kerala

'എന്റെ മോൾക്ക് നീതി കിട്ടി, സമൂഹത്തിനുള്ള മെസേജ്'; വിധിയിൽ പ്രതികരിച്ച് വിസ്മയയുടെ അച്ഛൻ

Web Desk
|
24 May 2022 7:45 AM GMT

ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നാണ് വിസ്മയയുടെ അമ്മ പ്രതികരിച്ചിരുന്നത്

മകളുടെ ആത്മഹത്യക്ക് കാരണമായ ഭർത്താവിന് പത്തുവർഷം തടവ് ലഭിച്ചതോടെ തനിക്കും തന്റെ മോൾക്കും നീതി കിട്ടിയെന്നും വിധി സമൂഹത്തിനുള്ള സന്ദേശമാണെന്നും വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. ഇപ്പോൾ ശിക്ഷിക്കപ്പെട്ട കിരൺകുമാർ മാത്രമല്ല പ്രതിയെന്നും വേറെയും പേരുണ്ടെന്നും അതിനാൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യാനിടയായ സംഭവം നടക്കുമ്പോൾ കിരൺകുമാറിന്റെ അചഛനടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. കിരൺ കുമാറിന്റെ അച്ഛനാണ് ആദ്യം സ്ത്രീധനം ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്റെ മകൾക്ക് ഞാൻ ഇത്ര കൊടുത്തു നിങ്ങൾ എത്ര കൊടുക്കുമെന്നായിരുന്നു അയാൾ ചോദിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നാണ് വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചിരുന്നത്. കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു.''കോടതിവിധിയില്‍ ഞാന്‍ തൃപ്തയല്ല. നീതി ലഭിച്ചുവെന്ന് പറയാന്‍ കഴിയില്ല. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്'' എന്നായിരുന്നു കോടതി വിധി കേട്ട സജിതയുടെ പ്രതികരണം.

10 വര്‍ഷം തടവാണ് കിരണ്‍ കുമാറിന് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം 10 വർഷം തടവ്. 306 വകുപ്പ് പ്രകാരം 6 വർഷം തടവും 2 ലക്ഷം രൂപ പിഴയും. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വർഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 3, 6 വർഷം വീതം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് വിധി പറഞ്ഞത്. 3 വകുപ്പുകള്‍ പ്രകാരം 25 വര്‍ഷമാണ് തടവുശിക്ഷ. ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു. അതായത് ഒരുമിച്ച് 10 വര്‍ഷം ജയില്‍വാസം അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജും പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ളയും തമ്മിൽ ശിക്ഷ സംബന്ധിച്ച വാദത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. വിസ്മയയുടേത് ആത്മഹത്യയാണ്. അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓർമക്കുറവുണ്ട്. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയിൽ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.എന്നാല്‍ കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നൽകണം. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രതി സർക്കാർ ഉദ്യോഗസ്ഥനാണ്. നിയമം പാലിക്കാനുള്ള ബാധ്യത പ്രതിക്കുണ്ട്. പ്രതി വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃതമായാണ് ഭാര്യയോട് പെരുമാറിയത്. മുഖത്ത് ചവിട്ടിയ പ്രതി എന്ത് സന്ദേശമാണ് നൽകുന്നത്? രാജ്യം ഉറ്റുനോക്കുന്ന വിധിയില്‍ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പരിഷ്കൃത സമൂഹത്തിൽ ലോകത്തെവിടെയും ആത്മഹത്യാ പ്രേരണയിൽ ജീവപര്യന്തം നൽകിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള വാദിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പോലും സുപ്രിംകോടതി മൂന്നംഗ ബഞ്ച് ജീവപര്യന്തം ശിക്ഷിച്ചില്ല. 10 വർഷം തടവുശിക്ഷയാണ് നല്‍കിയത്. കിരണിന് സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു. അതിനാല്‍ പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇരു ഭാഗത്തിന്‍റെയും ശിക്ഷ സംബന്ധിച്ച വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.

കേസിന്‍റെ നാള്‍വഴി

  • 2019 മേയ് 31നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാല്‍ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
  • 2021 ജൂൺ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • 2021 ജൂൺ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി
  • 2021 ജൂൺ 22ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കിരൺ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
  • 2021 ആഗസ്റ്റ് 6ന് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
  • 2021 സെപ്റ്റംബർ 10ന് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു
  • 2022 ജനുവരി 10ന് കേസിന്‍റെ വിചാരണ തുടങ്ങി
  • 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു
  • 2022 മെയ് 23ന് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തെന്ന് കോടതി കണ്ടെത്തി.



Vismaya's father in response to the verdict

Similar Posts