Kerala
കൊലക്കേസ് പ്രതികളുടെ ഫോണ്‍വിളി; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
Kerala

കൊലക്കേസ് പ്രതികളുടെ ഫോണ്‍വിളി; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

Web Desk
|
29 Sep 2021 1:52 PM GMT

ടി.പി വധക്കേസ് പ്രതി കൊടി സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. കൊലപാതകക്കേസില്‍ തടവില്‍ കഴിയുന്ന റഷീദ് എന്ന തടവുകാരന്‍ 1345 തവണ ഫോണ്‍ വിളിച്ചതായും കണ്ടെത്തിയിരുന്നു.

കൊലപാതകക്കേസ് പ്രതികള്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച സംഭവത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രതികള്‍ക്ക് ഫോണ്‍ വിളിക്കാന്‍ സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

പ്രതികളുടെ ഫോണ്‍ വിളി സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു ജയില്‍ ഡി.ജി.പിയുടെ ഉത്തരവ്. സൂപ്രണ്ടിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ജയില്‍ വകുപ്പിന്റെ കണ്ടെത്തല്‍.

നേരത്തെ ടി.പി വധക്കേസ് പ്രതിയായ കൊടി സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. കൊലപാതകക്കേസില്‍ തടവില്‍ കഴിയുന്ന റഷീദ് എന്ന തടവുകാരന്‍ 223 മൊബൈല്‍ നമ്പറുകളിലേക്ക് 1345 തവണ ഫോണ്‍ വിളിച്ചതായും കണ്ടെത്തിയിരുന്നു.

ഇതേ ഫോണില്‍ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്. ജാമറുകള്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഫലം കാണാത്ത സ്ഥിതിയാണ്. തീവ്രവാദ കേസുകളില്‍ അടക്കം പ്രതികളായവര്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ അതീവ ഗൗരവത്തോടെ ആണ് ആഭ്യന്തര വകുപ്പ് വിഷയത്തെ കാണുന്നത്.

Similar Posts