വിഴിഞ്ഞത്ത് വീണ്ടും സംഘർഷം; സമരക്കാർ ലോറി തടഞ്ഞു-പദ്ധതി അനുകൂലികൾക്കുനേരെ കല്ലേറ്
|സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെ ഇന്ന് തുറമുഖം നിർമാണം പുനരാരംഭിക്കുമെന്ന് നേരത്തെ അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു
തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം വിഴിഞ്ഞത്ത് വീണ്ടും സംഘർഷം. മുടങ്ങിക്കിടന്ന തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് സമരക്കാർ വീണ്ടും പ്രതിഷേധവുമായെത്തിയത്. നിർമാണത്തിനായി കല്ലുകളുമായെത്തിയ ലോറികൾ സമരക്കാർ തടഞ്ഞു. ഇതിനു പിന്നാലെ പദ്ധതിയെ അനുകൂലിക്കുന്നവരും രംഗത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. തുടർന്നുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷം രൂക്ഷമായതോടെ സ്ഥലത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെ ഇന്ന് തുറമുഖം നിർമാണം പുനരാരംഭിക്കുമെന്ന് നേരത്തെ അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. ഇതു മുൻകൂട്ടിക്കണ്ട് സമരക്കാർ ഇവിടെയെത്തിയിരുന്നു. ഇന്നു രാവിലെ പത്തരയോടെയാണ് 40ലേറെ ലോറികൾ കല്ലുമായി പദ്ധതി പ്രദേശത്തെത്തിയത്. ഇതോടെ സമരസമിതി പ്രവർത്തകരെത്തി വാഹനങ്ങൾ തടഞ്ഞു. ലോറികൾക്ക് മുന്നിൽ കിടന്നുകൊണ്ടായിരുന്നു തീരദേശവാസികളുടെ പ്രതിഷേധം.
ഇതിനിടെ പദ്ധതിയെ അനുകൂലിക്കുന്ന ഒരു സംഘവും രംഗത്തെത്തി. ഇതോടെ സമരക്കാരും പദ്ധതിയെ അനുകൂലിക്കുന്നവരും തമ്മിൽ തർക്കമായി. പിന്നാലെയാണ് ഉന്തും തള്ളും കല്ലേറും നടന്നത്.
സമരപ്പന്തൽ പൊളിച്ചുനീക്കണമെന്നും നിർമാണത്തിന് തടസമുണ്ടാക്കാത്ത രീതിയിൽ പ്രതിഷേധിക്കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് തുറമുഖനിർമ്മാണം തടസപ്പെടുത്തില്ലെന്ന് വ്യക്തമാക്കി സമരസമിതി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.