വിഴിഞ്ഞം സമരത്തിനിടെ മാധ്യമങ്ങൾക്കെതിരെ അതിക്രമം; ശക്തമായ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ
|സമരക്കാരുടെ ആവശ്യങ്ങൾ ജനങ്ങളിലും ഭരണാധികാരികളിലും എത്തിക്കുന്നത് മാധ്യമങ്ങളാണെന്നും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതെന്നും കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ നേതാക്കൾ പറഞ്ഞു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന അതിക്രമത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനൽ കാമറകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കുന്നതായി കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പ്രതികരിച്ചു. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.
സമരക്കാരുടെ ആവശ്യങ്ങൾ ജനങ്ങളിലും ഭരണാധികാരികളിലും എത്തിക്കുന്നത് മാധ്യമങ്ങളാണ്. ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ന് കരയിലും കടലിലും സമരം റിപ്പോർട്ട് ചെയ്തു മടങ്ങിവരുന്ന വഴിയാണ് മാധ്യമസംഘത്തെ ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തിൽ ആക്രമിക്കാൻ തുനിഞ്ഞത്. സംഘർഷദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
മീഡിയവൺ, ഏഷ്യാനെറ്റ് ചാനലുകളുടെ കാറകൾ തകർത്തു. കൈരളി, ഏഷ്യാനെറ്റ്, മീഡിയവൺ, ജനം, റിപബ്ലിക് ടി.വി ചാനലുകളുടെ റിപ്പോർട്ടർമാരെയും കാമറാമാന്മാരെയും കൈയേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. 24 ന്യൂസിന്റെ ഡ്രൈവർക്ക് കല്ലേറിൽ തലയ്ക്കു പരിക്കേറ്റു. വൈദികർ അടക്കം വനിതാ മാധ്യമപ്രവർത്തകരോട് അറപ്പുളവാക്കുന്ന ഭാഷയിലാണ് സംസാരിച്ചത്. ഇത്തരം അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഉച്ചവരെ ലൈവ് റിപ്പോർട്ടിങ് നടത്തിയ ചാനലുകാർക്ക് പിന്നീട് മടങ്ങിപ്പോരേണ്ട സാഹചര്യമാണുണ്ടായതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കാമറ നശിപ്പിച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും യൂനിയൻ ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു. അക്രമവിവരം അറിഞ്ഞയുടൻ യൂനിയൻ ജനറൽ സെക്രട്ടറി ആർ. കിരൺബാബു സഭാ നേതൃത്വവുമായി സംസാരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
Summary: Thiruvananthapuram district Committee of Kerala Journalists' Union(KUWJ) protested in the violence against journalists during the protest against Vizhinjam Adani port