Kerala
പ്രളയം വന്നപ്പോൾ ഞങ്ങളെ സൈന്യമെന്ന് വിളിച്ചു... സൈന്യത്തെ സംരക്ഷിക്കാൻ കഴിയാത്ത ഭരണകൂടമോ?
Kerala

'പ്രളയം വന്നപ്പോൾ ഞങ്ങളെ സൈന്യമെന്ന് വിളിച്ചു... സൈന്യത്തെ സംരക്ഷിക്കാൻ കഴിയാത്ത ഭരണകൂടമോ?'

Web Desk
|
23 Aug 2022 5:53 AM GMT

അതിജീവനത്തിന്റെ പോരാട്ടത്തിൽ എന്ത് ത്യാഗം സഹിക്കാനും തയ്യാറെന്ന് പറഞ്ഞുകൊണ്ട് മൽസ്യത്തൊഴിലാളികൾ സമരം കടുപ്പിക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ നിർണായകമാകും.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികളുടെ സമരം എട്ടാം ദിനവും ശക്തമായി തുടരുന്നു. തുറമുഖത്തേക്ക് പൊലീസ് ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ പ്രവേശിച്ചു. തുടർച്ചയായ നാലാം ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സുപ്രധാന പ്രവേശന കവാടത്തിലെ ബാരിക്കേഡുകൾ തകർത്തുകൊണ്ട് പ്രതിഷേധക്കാർ കടക്കുന്നത്. വലിയതുറയിൽ നിന്നുള്ള യുവാക്കളാണ് സമരത്തിന് മുന്നിൽ.

ഹാർബർ ഇവിടെ വേണ്ട എന്ന ആവശ്യം തന്നെയാണ് പ്രതിഷേധക്കാർ ആവർത്തിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്ഥിതി മോശമാണെന്നും എത്രയും പെട്ടെന്ന് പുനരധിവാസം ഉറപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. കേരളത്തിലെ പ്രളയ സമയത്ത് സൈന്യമെന്ന വിശേഷണം കിട്ടിയവരാണ് തങ്ങളെന്നും സൈന്യത്തെ സംരക്ഷിക്കാൻ കഴിയാത്തവർ എന്ത് ഭരണകൂടമാണെന്നും മൽസ്യത്തൊഴിലാളികൾ ചോദിക്കുന്നു.

അതേസമയം, ഇന്ന് രണ്ടുമണിക്ക് നടക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ലത്തീൻ അതിരൂപത അറിയിച്ചിട്ടുണ്ട്. നിയമസഭയിൽ നടക്കുന്ന യോഗത്തിൽ ലത്തീൻ അതിരൂപതയെ പ്രതിനിധീകരിച്ച് തിയോ ഡോഷ്യസിന്റെ നേതൃത്വത്തിൽ മൂന്ന് വൈദികരാണ് പങ്കെടുക്കുക. ഇവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് സർക്കാർ ഇതുവരെ അംഗീകരിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം നിർത്തിവെച്ച് ശാസ്ത്രീയമായ രീതിയിൽ പരിസ്ഥിതി ആഘാതം എത്രയുണ്ടാകുമെന്ന് വിലയിരുത്തണം, ഉയർന്ന മണ്ണെണ്ണ വിലയിൽ ഉചിതമായ സർക്കാർ ഇടപെടൽ ഉണ്ടാകണം തുടങ്ങിയ കാര്യങ്ങളും ലത്തീൻ അതിരൂപത ഉന്നയിച്ചിട്ടുണ്ട്.

അതിജീവനത്തിന്റെ പോരാട്ടത്തിൽ എന്ത് ത്യാഗം സഹിക്കാനും തയ്യാറെന്ന് പറഞ്ഞുകൊണ്ട് മൽസ്യത്തൊഴിലാളികൾ സമരം കടുപ്പിക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ നിർണായകമാകും.

Similar Posts