Kerala
വിഴിഞ്ഞം: അടിയന്തര പ്രമേയം അംഗീകരിച്ച് സർക്കാർ, സഭ നിർത്തിവെച്ച് ചർച്ച
Kerala

വിഴിഞ്ഞം: അടിയന്തര പ്രമേയം അംഗീകരിച്ച് സർക്കാർ, സഭ നിർത്തിവെച്ച് ചർച്ച

Web Desk
|
6 Dec 2022 5:09 AM GMT

ഉച്ചക്ക് ഒരു മണി മുതൽ രണ്ടുമണിക്കൂറാണ് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കുക

തിരുവനന്തപുരം: വിഴിഞ്ഞം സമരം നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം. സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് വിമർശിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷത്ത് നിന്ന് കോവളം എംഎൽഎ എം വിൻസന്റ് ആണ് നോട്ടീസ് നൽകിയത്.

മത്സ്യത്തൊഴിലാളികളുടെ സമരത്തിന് നേരെ സർക്കാർ കണ്ണടക്കുകയാണെന്നും പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. സ്പീക്കർ നോട്ടീസ് വായിച്ചതിന് പിന്നാലെ വിഷയം കേരളത്തിലെ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ സംസ്ഥാന സർക്കാരിന് ചർച്ച ചെയ്യുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിക്കുകയായിരുന്നു.

ഉച്ചക്ക് ഒരു മണി മുതൽ രണ്ടുമണിക്കൂറാണ് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കുക. സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ, തുടർ നടപടികൾ എന്നിവയെല്ലാം മുഖ്യമന്ത്രി തന്നെ സഭയിൽ വിശദീകരിക്കും. വിഴിഞ്ഞം സമരം അവസാനിപ്പിക്കാനുള്ള അന്തിമഘട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സഭയിൽ വിഷയം ഉയർന്നിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിഴിഞ്ഞം സമരസമിതിയും സർക്കാരും തമ്മിലുള്ള ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞം സമരം 140 ദിവസം പിന്നിടുകയാണ്. വൻ പ്രക്ഷോഭങ്ങൾക്കും അക്രമങ്ങൾക്കുമാണ് സമരമുഖം വേദിയാകുന്നത്. സാഹചര്യം രൂക്ഷമാകുമ്പോൾ ഇടത് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളുമായി ഘടക കക്ഷിയായ എൽ.ജെ.ഡിയും രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും പിറകോട്ട് പോകുന്നതായി സംശയിക്കുന്നുവെന്നും രാഷ്ട്രീയ പ്രമേയത്തിൽ എൽജെഡി കുറ്റപ്പെടുത്തി.

ഇതിനിടെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരേ ഇടതുമുന്നണിയുടെ രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. വികസനം, സമാധാനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ. വർക്കലയിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും.സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ജാഥാ ക്യാപ്റ്റൻ. വെള്ളിയാഴ്ച വിഴിഞ്ഞത്ത് പ്രചാരണ ജാഥ സമാപിക്കും. സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

Similar Posts