Kerala
വിഴിഞ്ഞത്ത് കപ്പലിന് സ്വീകരണം; ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഴിഞ്ഞം ഇടവക
Kerala

വിഴിഞ്ഞത്ത് കപ്പലിന് സ്വീകരണം; ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഴിഞ്ഞം ഇടവക

Web Desk
|
13 Oct 2023 2:45 PM GMT

രൂപതയിലെ വൈദികരും മത്സ്യത്തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് ഇടവക പങ്കെടുക്കുന്നത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങിൽ ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള വിഴിഞ്ഞം ഇടവക പങ്കെടുക്കും. രൂപതയിലെ വൈദികരും മത്സ്യത്തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് ഇടവക പങ്കെടുക്കുന്നത്. എന്നാൽ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് പങ്കെടുക്കുന്ന കാര്യം അറിയില്ലെന്നും വിഴിഞ്ഞം ഇടവക വികാരി ഫാദർ മോൺ. നിക്കോളാസ് മീഡിയവണിനോട് പറഞ്ഞു.

ഇന്ന് മന്ത്രി സജി ചെറിയാനുമായി വിഴിഞ്ഞം ഇടവക വികാരിയും ബന്ധപ്പെട്ടവും ചർച്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾക്കായി ഏഴരക്കോടി രൂപ അടിയന്തരമായി അനുവദിച്ചതായി മന്ത്രി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കാൻ വിഴിഞ്ഞം ഇടവകയുടെ തീരുമാനം.

ലത്തീൻ അതിരൂപതയുടെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നായിരുന്നു ലത്തിൻ സഭാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞത്. ക്രെയിൻ കൊണ്ടുവരുന്നത് ഷോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖ നിർമാണം ജനങ്ങളെ കബളിപ്പിക്കാനാണെന്നും 60 ശതമാനം പണികള്‍ മാത്രമേ വിഴിഞ്ഞത്ത് പൂർത്തിയായിട്ടുള്ളൂ എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Similar Posts