വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണം: പൊലീസ് അറസ്റ്റ് നടപടികളിലേക്ക്
|ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കി അറസ്റ്റിലേക്ക് കടക്കാനാണ് നീക്കം
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിൽ പ്രതികളുടെ അറസ്റ്റിലേക്ക് കടക്കാനൊരുങ്ങി പൊലീസ്. ആക്രമണത്തില്‍ പങ്കെടുത്തവരുടെ പട്ടിക തയ്യാറാക്കി അറസ്റ്റ് ചെയ്യാനാണ് നീക്കം. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കാനും തീരുമാനമുണ്ട്.
പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടുന്നില്ല എന്ന ആക്ഷേപം ശക്തമായതോടെയാണ് പൊലീസ് നടപടിയിലേക്ക് കടക്കുന്നത്. പ്രതികളെ പിടികൂടാത്തതില്‍ പൊലീസ് സംഘടനകള്‍ക്കും കടുത്ത അതൃപ്തി ഉണ്ട്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കി അറസ്റ്റിലേക്ക് കടക്കാനാണ് നീക്കം. അക്രമത്തില്‍ പങ്കെടുക്കാത്തവരെ അറസ്റ്റ് ചെയ്താല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് പൊലീസിന്റെ ഓരോ നീക്കവും. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാകും പ്രതികളെ തിരിച്ചറിയുക.
ആദ്യ ഘട്ടത്തില്‍ വൈദികരുടെ അറസ്റ്റ് ഉണ്ടാകില്ല. പൊലീസ് സ്റ്റേഷനും വാഹനങ്ങളും അടിച്ചുതകര്‍ത്തവരുടെയും പൊലീസുകാരെ ആക്രമിച്ചവരുടെയും അറസ്റ്റ് ആദ്യം രേഖപ്പെടുത്തും. പൊലീസ് നടപടി ഉടന്‍ ആരംഭിക്കുമെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
വിവര ശേഖരണം നടത്തിയ കേരളത്തിലെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. സമരത്തിന് പിന്നില്‍ തീവ്രശക്തികളുടെ ഇടപെടലുണ്ട് എന്ന പ്രചാരണവും ശക്തമാണ്. ജനകീയ സമരങ്ങളെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധിപ്പിക്കുന്ന സ്ഥിരം സര്‍ക്കാര്‍ നീക്കമാണിതെന്ന് സമരക്കാര്‍ പറയുന്നു. മന്ത്രി വി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. എന്നാല്‍ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന.
Add the video to your site with the embed code above