'വിഴിഞ്ഞം പദ്ധതിക്ക് 343 കോടി ഉടൻ അനുവദിക്കണം'; സർക്കാരിന് വീണ്ടും അദാനിയുടെ കത്ത്
|'തുക കൈമാറിയില്ലെങ്കിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തെ ബാധിക്കും'
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപെട്ട് സർക്കാരിന് വീണ്ടും അദാനിയുടെ കത്ത്. പുലിമുട്ടിന്റെ നിർമാണം 30 ശതമാനം പൂർത്തിയാകുമ്പോൾ കൈമാറേണ്ട തുകയായ 343 കോടി ഉടൻ അനുവദിക്കണം. പണം നൽകിയില്ലെങ്കിൽ നിർമാണ വേഗത കുറയുമെന്നും തുറമുഖ സെക്രട്ടറിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പുലിമുട്ട് നിർമാണം 30 ശതമാനം പൂർത്തിയാകുമ്പോൾ സംസ്ഥാന സർക്കാർ നൽകേണ്ട 1450 കോടി രൂപയിൽ നിന്ന് ഒരു വിഹിതം അദാനിക്ക് നൽകണമെന്നാണ് കരാർ. ഇത് പ്രകാരമുള്ള 343 കോടി ഉടൻ നൽകാൻ ആവശ്യപ്പെട്ട് നേരത്തെ തന്നെ സർക്കാരിന് കത്ത് നൽകിയിരുന്നു. തീരുമാനമൊന്നും ആകാതായതോടെയാണ് തുക ഓർമിപ്പിച്ച് വീണ്ടും കത്തയച്ചത്. 3200 മീറ്റർ പുലിമുട്ടിൻറെ 2000 മീറ്റർ ഭാഗം പൂർത്തിയായിട്ടുണ്ട്.
ഹഡ്‌കോയിൽ നിന്ന് 400 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും കാലതാമസം നേരിടുകയാണ്. കെഎസ്എഫ്ഇയിൽ നിന്ന് വായ്പയെടുക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. സഹകരണ ബാങ്കുകളിൽ നിന്ന് പണം കടമെടുക്കാൻ ആലോചന നടക്കുകയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടായ 817 കോടിയിലെ സംസ്ഥാന വിഹിതമായ 400 കോടിയും വേഗത്തിൽ നൽകാൻ തുറമുഖ വകുപ്പിന് അദാനി കത്ത് നൽകിയിട്ടുണ്ട്. ഈ വർഷം ആദ്യം കപ്പലെത്തിച്ച് 2024-25ലൊ തുറമുഖം കമ്മീഷൻ ചെയ്യാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.