അദാനി ഗ്രൂപ്പിന് നല്‍കാനുള്ള 100 കോടി കെ.എഫ്.സിയില്‍ നിന്നും കടമെടുക്കും
|സഹകരണബാങ്കുകളിൽ നിന്നും വായ്പയെടുക്കാനായുരുന്നു ആദ്യ തീരുമാനം. ഇത് വൈകിയതോടെയാണ് തുറമുഖവകുപ്പ് കെ.എഫ്.സിയെ സമീപിച്ചത്
തിരുവനന്തപും: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് സർക്കാർ 100 കോടി രൂപ ഉടന്‍ കൈമാറും. കെ.എഫ്.സിയിൽ നിന്നും കടമെടുത്താണ് തുറമുഖ വകുപ്പ് പണം കൈമാറുന്നത്. പുലിമുട്ട് നിർമാണത്തിനായി ആദ്യഗഡുവായി 346 കോടി രൂപ ഇന്ന് കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. പണത്തിനായി സഹകരണബാങ്കുകളിൽ നിന്നും വായ്പയെടുക്കാനായുരുന്നു ആദ്യ തീരുമാനം. ഇത് വൈകിയതോടെയാണ് തുറമുഖവകുപ്പ് കെ.എഫ്.സിയെ സമീപിച്ചത്.
സർക്കാർ തുക നൽകിയില്ലെങ്കിൽ നിർമാണ വേഗതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് തുറമുഖ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിന് പുറമെ വയബിലിറ്റി ഗ്യാപ് ഫണ്ടായി 400 കോടി രൂപയും സർക്കാർ നൽകണം. ഈ രണ്ട് തുകയും, റെയിൽ - റോഡ്, ബ്രേക്ക് വാട്ടർ എന്നിവയുടെ നിർമ്മാണത്തിനും ആവശ്യമായ 3450 കോടി രൂപ ഹഡ്‌കോയിൽ നിന്ന് ലോൺ എടുക്കുവാനും ധനകാര്യ വകുപ്പിന്റെ അംഗീകാരം കിട്ടിയെങ്കിലും കാലതാമസം നേരിടുകയാണ്.
തുടർന്നാണ് മന്ത്രി അഹമദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ വിഴിഞ്ഞത്ത് അവലോകന യോഗം ചേർന്നത്. ഈ വർഷം സെപ്റ്റംബറിൽ തന്നെ ആദ്യ കപ്പലെത്തിച്ച് അടുത്ത വർഷം കമ്മീഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.