വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടില്ല; നടപടിയുമായി സർക്കാർ
|സമരക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിലാണ് സർക്കാരിന്റെ വിശദീകരണം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. തൊഴിലാളികൾക്ക് തടസങ്ങളുണ്ടാകില്ല. വാഹനങ്ങൾ തടയാൻ അനുവദിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമരക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിലാണ് സർക്കാരിന്റെ വിശദീകരണം.
വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് തൊഴിലാളികൾക്കും ജീവനക്കാർക്കും തടസമില്ലാതെ പ്രവേശിക്കാൻ നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. നിർമാണ സ്ഥലത്ത് പ്രവേശിക്കാൻ തൊഴിലാളികൾക്ക് തടങ്ങളില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും തടസമില്ലാതെ പ്രവേശിക്കാൻ അനുവദിക്കുമെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
മൽസ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ തുടർന്ന് തുറമുഖ നിർമാണം തടസപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പ്രദേശത്ത് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതി ഉത്തരവ് പോലീസും സർക്കാരും ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹരജിയുമായി അദാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് സർക്കാർ ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.