വിഴിഞ്ഞം തുറമുഖ നിർമാണം: സമരക്കാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
|ചർച്ചയ്ക്ക് പോകുമെന്ന് ലത്തീൻ സഭയും അറിയിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുമെന്ന് സർക്കാർ. മന്ത്രി വി.അബ്ദുറഹിമാൻ ലത്തീൻ രൂപത വൈദികരെ ഫോണിൽ വിളിച്ചു സംസാരിച്ചു. നാളെ നടത്താൻ തീരുമാനിച്ച ചർച്ചയ്ക്ക് പോകുമെന്ന് ലത്തീൻ സഭ അറിയിച്ചു.
''ഇത് കേരളത്തിൽ തീരേണ്ട പ്രശ്നമാണ്. ഏത് സമയത്തും ഫിഷറീസ് വകുപ്പ് ചർച്ചക്ക് തയ്യാറുമാണ്. എപ്പോൾ സമരക്കാർ എത്തുന്നോ അപ്പോൾ ചർച്ച നടക്കും. സമരത്തെ കണ്ടില്ല എന്ന രീതിയില്ല. കാര്യം മനസിലാക്കി സമരക്കാർ പിന്മാറുമെന്നാണ് പ്രതീക്ഷ''- വി.അബ്ദുറഹിമാൻ പറഞ്ഞു.
വിഴിഞ്ഞത്ത് 300 ഫ്ളാറ്റുകൾ നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ ക്വാട്ട വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സമരമല്ല പരിഹാരമാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം മൂന്നാം ദിനവും സംഘർഷഭരിതമായിരുന്നു. ആർത്തിരമ്പിയ കടൽ തിരമാല പോലെ മത്സ്യത്തൊഴിലാളികൾ ബാരിക്കേടിന് മുകളിലൂടെ ചാടിക്കടന്നു. പൊലീസ് തീർത്ത വലയം നിഷ്പ്രയാസം മറികടന്നത് കയ്യുംകെട്ടി നോക്കി നിൽക്കാനെ പൊലീസിനായുള്ളൂ. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ വീര്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.
ബാരിക്കേട് മറികടന്ന് പ്രതിഷേധക്കാരും വൈദികരും പൊലീസ് അകമ്പടിയോടെ തുറമുഖ കവാടത്തിലേക്ക് വന്നു. പത്തുപേരെ കടത്തി വിടാമെന്ന് പൊലീസ് അറിയിച്ചെങ്കിലും മുഴുവൻ ആളുകളെയും കടത്തിവിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പുല്ലുവിള, കരിങ്കുളം, കൊച്ചുതുറ തുടങ്ങിയ തീരദേശ മേഖലകളിൽ നിന്നാണ് സമരക്കാർ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.