വിഴിഞ്ഞം തുറമുഖം; പാറ നീക്കത്തിനുള്ള നിയന്ത്രണം ഒഴിവാക്കണമെന്ന് തമിഴ്നാടിനോട് കേരളം
|പാറ നീക്കം വന്‍ ചെലവായതിനാല്‍ ട്രക്കുടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് കേരളം തമിഴ്നാടിന് കത്തയച്ചു. തമിഴ്നാട്ടിൽ നിന്ന് പാറ കൊണ്ടുവരുന്ന ട്രക്കുകൾക്കാണ് തമിഴ്നാട് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് തമിഴ്‌നാട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് മന്ത്രി ദുരൈസ്വാമിക്കും കന്യാകുമാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി മനുതങ്കരാജിനും കത്തയച്ചത്.
തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവ് പ്രകാരം 28 മെട്രിക്ക് ടണ്‍ പാറ കയറ്റിയ 10 വീലുകളുള്ള ട്രക്കുകള്‍ മാത്രമേ സര്‍വ്വീസിന് അനുവദിക്കൂ, ഈ നിബന്ധനയില്‍ പാറ നീക്കം വന്‍ ചെലവായതിനാല്‍ ട്രക്കുടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും.
സംസ്ഥാനത്തിന്റെ അകത്തും പുറത്ത് നിന്നുമായിട്ടാണ് പദ്ധതിക്കാവശ്യമായ പാറകള്‍ ശേഖരിക്കുന്നത്. പദ്ധതിയുടെ ദേശീയ പ്രാധാന്യം കണക്കിലെടുത്ത് പുതുതായി കൊണ്ടുവന്ന നിയന്ത്രണം ഒഴിവാക്കണമെന്നാണ് മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.