വിഴിഞ്ഞം തുറമുഖം: അനുനയ ശ്രമവുമായി സർക്കാർ; മന്ത്രിതല ചർച്ചയ്ക്ക് സമ്മതമെന്ന് ലത്തീൻ അതിരൂപത
|സമരം തുടരുമെന്ന് മത്സ്യത്തൊഴിലാളികളും ലത്തീൻ അതിരൂപതയും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്നവരുമായി മന്ത്രിതല ചർച്ച ഇന്നുണ്ടായേക്കും. ഡൽഹിയിൽ നിന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ ഇന്ന് മടങ്ങിയെത്തിയതിനു ശേഷം ചർച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. ചർച്ചയ്ക്ക് സമ്മതമാണെന്ന് ലത്തീൻ അതിരൂപത ഇന്നലെ അറിയിച്ചിരുന്നു. തുറമുഖ കവാടത്തിന് സമീപം മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.
മത്സ്യത്തൊഴിലാളികൾ സമരം കടുപ്പിച്ചതോടെയാണ് സർക്കാർ ചർച്ചക്ക് മുൻകൈയെടുത്തത്. ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരാണെന്ന് ലത്തീൻ സഭ അറിയിച്ചെങ്കിലും സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ ഫാദർ യൂജിൻ പെരേരയുമായിട്ടാണ് മന്ത്രി ഫോണിൽ സംസാരിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സർക്കാരിൽനിന്ന് ഉണ്ടാകുന്നത് വരെ സമരമുഖത്ത് തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
ചർച്ചയെ ലത്തീൻ രൂപത സ്വാഗതം ചെയ്‌തെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇന്ന് സമരവേദിയിലേക്ക് എത്തും.