Kerala
വിഴിഞ്ഞം തുറമുഖം: സമരം കടുപ്പിക്കാൻ മത്സ്യത്തൊഴിലാളികൾ; കരയും കടലും ഇന്ന് വളയും
Kerala

വിഴിഞ്ഞം തുറമുഖം: സമരം കടുപ്പിക്കാൻ മത്സ്യത്തൊഴിലാളികൾ; കരയും കടലും ഇന്ന് വളയും

Web Desk
|
22 Aug 2022 1:51 AM GMT

മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്. സുരക്ഷ വർധിപ്പിക്കണമെന്ന് തുറമുഖം അധികൃതർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. ഇന്ന് കടലിലും കരയിലും പ്രതിഷേധമിരമ്പും. സമരത്തിന് പിന്തുണയറിച്ച് മറ്റ് ജില്ലകളിൽ നിന്നുള്ളവർ കൂടി വിഴിഞ്ഞത്തേക്ക് എത്തി. നാലാംഘട്ട സമരം ഏഴാം നാളിലേക്ക് കടന്നിരിക്കുകയാണ്.

പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇന്ന് കടൽമാർഗം പ്രതിഷേധം തീർക്കും. ചെറിയതുറ, സെൻറ് സെവ്യേഴ്‌സ്, ചെറുവെട്ടുകാട് ഇടവകയിൽ ഉള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കരമാർഗമെത്തി പ്രതിഷേധിക്കും. കഴിഞ്ഞ ദിവസങ്ങളിലേക്കാൾ കൂടുതൽ ആളുകൾ ഇന്ന് സമരവേദിയിൽ എത്തും. വെള്ളിയാഴ്ചയും ശനിയാഴ്ചയും സമരക്കാർ തുറമുഖത്തിൻറെ പദ്ധതി പ്രദേശത്ത് കടന്ന് കയറി കൊടി നാട്ടിയിരുന്നു. ഉന്നയിക്കപ്പെട്ട എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ലത്തീൻ അതിരൂപതയുടേയും മത്സ്യത്തൊഴിലാളികളുടെയും തീരുമാനം.

തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിൽ നിന്ന് സമരത്തിന് പിന്തുണയറിച്ച് കഴിഞ്ഞ ദിവസം കൂടുതൽ ആളുകൾ എത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. പോർട്ട് സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, സമരം നടത്തുന്നവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. പുനരധിവാസത്തിനായി കൂടുതൽ ഭൂമി കണ്ടെത്തുന്നതും ക്യാമ്പുകളിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതും അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കുന്നതും ഉപസമിതി ചർച്ച ചെയ്യും.

സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചണ്ണം അംഗീകരിക്കാമെന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു. ആന്റണി രാജു, കെ രാജൻ, വി.അബ്ദുറഹിമാൻ, എം.വി ഗോവിന്ദൻ മാസ്റ്റർ, ജെ ചിഞ്ചുറാണി എന്നിവരടങ്ങുന്നതാണ് മന്ത്രിസഭ ഉപസമിതി.

Similar Posts