വിഴിഞ്ഞം സമരം 26ാം ദിനത്തിലേക്ക്; മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം
|മൂന്ന് വൈദികരും മൂന്ന് അൽമായരുമാണ് ഇന്ന് ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26ാം ദിനത്തിലേക്ക്. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്റ് സേവ്യേഴ്സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം.
റിലേ ഉപവാസ സമരവും തുടരുകയാണ്. ഇത് ആറ് ദിവസം പിന്നിട്ടു. മൂന്ന് വൈദികരും മൂന്ന് അൽമായരുമാണ് ഇന്ന് ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്. സർക്കാരുമായുള്ള തുടർച്ചർച്ചകൾ വഴിമുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നത് തീരുമാനിക്കാനായി ഇന്നലെ സമരസമിതി യോഗം ചേർന്നിരുന്നു.
മൂലമ്പിള്ളിയും ചെല്ലാനവും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സമരം വ്യാപിപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം.
തിരുവോണനാളിലും വിഴിഞ്ഞം സമരം സജീവമായിയിരുന്നു. ഉപവാസം അനുഷ്ഠിച്ചാണ് ഇവർ തിരുവോണനാളില്‍ സമരമുഖത്ത് തുടര്‍ന്നത്.
ഒഴിഞ്ഞ വാഴയിലയ്ക്ക് മുന്നില്‍ നിരാഹാരമനുഷ്ഠിച്ച് സമരസാഹചര്യത്തെ പ്രതീകാത്മകമായി ആവിഷ്കരിച്ചു.
പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തിരുവോണനാളിൽ സമരമിരുന്നത്. വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കൊല്ലം രൂപതയും കഴിഞ്ഞദിവസം പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.