വിഴിഞ്ഞം സംഘർഷത്തിനിടെ അദാനി ഗ്രൂപ്പിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
|അദാനി ഗ്രൂപ്പും തുറമുഖ കരാർ കമ്പനിയും സമർപ്പിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: വിഴിഞ്ഞത്തെ സംഘർഷാവസ്ഥയ്ക്കിടെ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതി പ്രദേശത്തേക്ക് നിർമാണ സാമഗ്രികളുമായി വന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം സമര സമിതി തടയുകയും രാത്രി പൊലീസ് സ്റ്റേഷൻ അടിച്ചുതകർക്കുന്നതടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇക്കാര്യങ്ങൾ ഹരജിക്കാർ ഇന്ന് കോടതിയെ അറിയിക്കും.
പദ്ധതി പ്രദേശത്തേക്കെത്തുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി കഴിഞ്ഞ തവണ കോടതിയിൽ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. പദ്ധതി പ്രദേശത്തെക്കുള്ള വാഹനങ്ങൾ തടയുകയോ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയോ ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് അനുശിവരാമന്റെ ബെഞ്ചാണ് ഹരജികളിൽ വാദം കേൾക്കുക.
അതിനിടെ, വിഴിഞ്ഞത്ത് ഇന്ന് വീണ്ടും സമാധാന ചർച്ച നടക്കും. സർവകക്ഷി യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.
വിഴിഞ്ഞം സംഘർഷത്തിൽ ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയതിനു പിന്നാലെയാണ് സമരക്കാർ അക്രമാസക്തരായത്. ഇന്നലെ രാത്രി സമരക്കാർ പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തിരുന്നു. മൂന്ന് പൊലീസ് വാഹനങ്ങൾ പൂർണമായും തകർത്തു. സംഘർഷത്തിൽ 36 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. കലാപസാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
Summary: The Kerala High Court will today hear again the petitions filed by the Adani Group and the contracting company regarding the construction of the port amid the Vizhinjam tension