വിഴിഞ്ഞം സമരസമിതി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്ന് ഫാ. യൂജിന്‍ പെരേര
|തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് രേഖാമൂലം എഴുതിനല്‍കിയതായും അദ്ദേഹമത് പരിശോധിച്ചതായും ചര്‍ച്ച ഫലപ്രദമായിരുന്നെന്നും വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുമായി തിരുവനന്തപുരത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി വിഴിഞ്ഞം സമരസമിതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പട്ടത്തായിരുന്നു കൂടിക്കാഴ്ച. വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള ലത്തീന്‍സഭാ സംഘവും മത്സ്യത്തൊഴിലാളി നേതാക്കളുമാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.
തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് രേഖാമൂലം എഴുതിനല്‍കിയതായും അദ്ദേഹമത് പരിശോധിച്ചതായും ചര്‍ച്ച ഫലപ്രദമായിരുന്നെന്നും വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോടു പറഞ്ഞു. കോവളം മുതല്‍ പൂന്തുറ വരെയും വലിയതുറ, കൊച്ചുവേളി, കണ്ണാന്തുറ പ്രദേശങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരശോഷണവും അതോടനുബന്ധിച്ചുള്ള ഭവനങ്ങളുടെ നഷ്ടവും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അക്കാര്യങ്ങള്‍ അദ്ദേഹത്തിനു മനസിലായെന്നും യൂജിന്‍ പെരേര പറഞ്ഞു.
അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന കോവളം ടൂറിസ്റ്റ് കേന്ദ്രത്തിനുണ്ടാക്കുന്ന നഷ്ടവും അത് സമ്പദ്വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതങ്ങളും ബോധ്യപ്പെടുത്തി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തില്‍ മണ്ണടിയുന്നതും ആഴം കുറയുന്നതിന്റെ ഭാഗമായി അപകടങ്ങള്‍ ഉണ്ടാവുന്നതും മരണങ്ങള് സംഭവിക്കുന്നതും അദ്ദേഹത്തെ അറിയിച്ചു.
പൂവാര്‍ മുതല്‍ വിഴിഞ്ഞം വരെ 40,000 മത്സ്യത്തൊഴിലാളികള്‍ ഉപജീവനത്തിനായി തൊഴിലെടുക്കുന്നതായും എന്നാല്‍ തുറമുഖ നിര്‍മാണം പുരോഗമിക്കുമ്പോള്‍ തൊഴിലെടുക്കാന്‍ സാധിക്കാതെ വരുന്നതും അദ്ദേഹത്തോട് പറഞ്ഞു. അതോടൊപ്പം കടലിന്റെ മത്സ്യ ആവാസ വ്യവസ്ഥയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ആഘാതവും നഷ്ടവും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും വികാരി ജനറല്‍ യൂജിന്‍ പെരേര വിശദമാക്കി.
'പ്രശ്നങ്ങള്‍ മനസിലാക്കിയ രാഹുല്‍ഗാന്ധി വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ എ.ഐ.സി.സി നേതാവ് കെ.സി വേണുഗോപാലിനോടും കെ.പി.സി.സി നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളില്‍ മറുപടി നല്‍കാമെന്ന് അവര്‍ അദ്ദേഹത്തെ അറിയിച്ചു'. കെ.പി.സി.സിയുടെ ഭാഗത്തുനിന്നും അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കെ.പി.സി.സി അവരുടെ നിലപാട് വ്യക്തമാക്കണമെന്നും യൂജിന്‍ പെരേര ആവശ്യപ്പെട്ടു.