വിഴിഞ്ഞം സമരം; മന്ത്രിസഭാ ഉപസമിതിയുമായുള്ള ചർച്ച പരാജയം
|സമരം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി വി.അബ്ദിറഹിമാന്‍
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ മന്ത്രിസഭാ ഉപസമിതിയുമായുള്ള ലത്തീൻ അതിരൂപതയുടെ ചർച്ച പരാജയം. സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ഫാദർ യൂജിൻ പെരേര പറഞ്ഞു. എന്നാൽ സമരം എന്തിനെന്ന് മനസിലാകുന്നില്ലെന്നാണ് മന്ത്രി വി.അബ്ദിറഹിമാന്റെ നിലപാട്.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ സമരം കടുക്കുകയാണ്. മുല്ലൂരിലെ തുറമുഖ കവാടത്തിന് മുന്നിലും ബിഷപ്പുമാർ ഇന്ന് ഉപവാസ സമരം തുടങ്ങിയിരുന്നു. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, ബിഷപ്പ് ഡോ. സൂസെപാക്യം, സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസ് എന്നിവരടക്കം ആറ് പേരാണ് ആദ്യദിനം ഉപവാസ സമരമിരുന്നത്. ഒരു ഘട്ടത്തിലും ലത്തീൻ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ലെന്ന് ബിഷപ്പ് സൂസെപാക്യം പറഞ്ഞു.
പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരിയിലും ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ ഡോ തോമസ് തറയിലും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തിയിരുന്നു.