മസ്ജിദിന്റെ മിഹ്‌റാബിൽ സ്ഥാപിക്കുന്ന രാമക്ഷേത്രത്തിലേക്ക് വരാൻ മനസ്സില്ലെന്ന് പറയാൻ നട്ടെല്ലുള്ള ഒരു പാർട്ടിയുമില്ല: അഡ്വ. ഫൈസൽ ബാബു
|പ്രാണപ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവത്കരിച്ചതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ നിലപാടിനെതിരെയാണ് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുടെ വിമർശനം.
ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ സ്വീകരിച്ച നിലപാടിനെ വിമർശിച്ച് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു. പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവത്കരിച്ചതുകൊണ്ടാണ് പങ്കെടുക്കാത്തത് എന്നാണ് കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള മതേതര കക്ഷികൾ പറയുന്നത്. രാഷ്ട്രീയവത്കരിക്കാതെ മുഴുവൻ മഠാധിപതികളെയും കൊണ്ടുവന്ന് നടത്തിയാലും 500 കൊല്ലം ബാങ്കൊലി മുഴങ്ങിയ മസ്ജിദിന്റെ മിഹ്‌റാബിന് മുകളിൽ സ്ഥാപിക്കുന്ന ക്ഷേത്രത്തിലേക്ക് വരാൻ മനസ്സില്ലെന്ന് പറയാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയപ്പാർട്ടിയേയും കാണുന്നില്ലെന്ന് ഫൈസൽ ബാബു പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാനിരിക്കുന്ന മസ്ജിദും മതേതരത്വത്തിന്റെ പ്രതീകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളെ വിമർശിക്കുന്ന ഫൈസൽ ബാബുവിന്റെ പ്രസംഗം. പ്രാണപ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ പരിപാടി ബഹിഷ്‌കരിച്ചത്.