'ഒരു രൂപരേഖയും ഇല്ലാതെയാണ് സർവകക്ഷിയോഗം നടത്തിയത്'; വിമര്‍ശനവുമായി വി.കെ ശ്രീകണ്ഠൻ എം.പി
|'താനും മുൻ എം.പിയും തമ്മിൽ തർക്കം ഉണ്ടായെന്ന ബിജെപി വാദം തെറ്റ്'
പാലക്കാട്: പാലക്കാട് നടന്ന സര്‍വകക്ഷിയോഗത്തില്‍ വിമര്‍ശനവുമായി വി.കെ ശ്രീകണ്ഠൻ എം.പി. ഒരു രൂപരേഖയും ഇല്ലാതെയാണ് സർവകക്ഷിയോഗം നടത്തിയത്. സർവകക്ഷിയോഗം പ്രഹസനം എന്ന് സിപിഎം പോലും യോഗത്തിൽ പറഞ്ഞു. സർവകക്ഷിയോഗത്തിൽ താനും മുൻ എം.പിയും തമ്മിൽ തർക്കം ഉണ്ടായെന്ന ബിജെപി വാദം തെറ്റ്. ജനാധിപത്യപരമായ ചർച്ചകൾ മാത്രമാണ് നടന്നതെന്നും എംപി പറഞ്ഞു.
പാലക്കാട് നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി സർവകക്ഷിയോഗം വിളിച്ചുചേർത്തത്. കൊലപാതകത്തിൽ പൊലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാവുമെന്നും തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങളാണ് നടന്നതെന്നും യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വ കക്ഷി യോഗം തുടങ്ങി മിനിട്ടുകൾക്കുള്ളിൽ തന്നെ ബി ജെ പി ഇറങ്ങി പോയി. ചർച്ച പ്രഹസനമാണെനായിരുന്നു ആരോപണം. ബിജെപി ഇറങ്ങിപ്പോകാൻ തീരുമാനിച്ച് വന്നാൽ തടയാനാകില്ലെന്നും അവർ മുൻകൂട്ടി തിരുമാനിച്ചത് പ്രകാരമാണ് ഇറങ്ങി പോയതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ സമാധാന ശ്രമങ്ങൾക്ക് എസ്.ഡി.പി.ഐ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ആര്‍എസ്എസിനെയും പോപ്പുലർ ഫ്രണ്ടിനെയും ഒരു മേശക്ക് ചുറ്റുമിരുത്തി വീണ്ടും ചർച്ച നടത്താനും യോഗത്തില്‍ തീരുമാനിച്ചു.