പി.സരിൻ കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി
|വിജയസാധ്യതയുള്ള സീറ്റിൽ പലർക്കും ആഗ്രഹം ഉണ്ടാകും
പാലക്കാട്: പി.സരിൻ കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ . വിജയസാധ്യതയുള്ള സീറ്റിൽ പലർക്കും ആഗ്രഹം ഉണ്ടാകും. തെരഞ്ഞെടുപ്പ് നടക്കുന്നത് മുനിസിപ്പാലിറ്റിയിലേക്ക് അല്ലെന്നും വിമതനായാൽ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞ കെപിസിസി സോഷ്യൽ മീഡിയ ചെയർമാൻ കൂടിയായ സരിന്‍ ഇടതുപക്ഷവുമായി ചർച്ച നടത്തിയെന്നാണ് സൂചന. പാലക്കാട് മത്സരിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ഷാഫി പറമ്പിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ തെരഞ്ഞെടുപ്പിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് മണ്ഡലത്തിലെ മുൻ എംഎൽഎയായ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാലക്കാട് ഡിസിസിയിൽ അതൃപ്തി ഉടലെടുക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവടക്കം രാഹുലിനെ പിന്തുണച്ചതോടെയാണ് പാലക്കാട് രാഹുലിന് കളമൊരുങ്ങുന്നത്. കെ.മുരളീധരന്‍, പി.സരിന്‍ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ രാഹുലിന് നറുക്ക് വീഴുകയായിരുന്നു.
അതേസമയം പാലക്കാട്ടെ കോൺഗ്രസിനുള്ളിലെ അതൃപ്തി മുതലാക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. പി.സരിൻ അടക്കമുള്ളവരോട് സിപിഎം പ്രാദേശിക നേതൃത്വം സംസാരിച്ചെന്നാണ് സൂചന. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളും ചർച്ചയുടെ ഭാഗമായി. ബിജെപിക്കുള്ളിലും അതൃപ്തിയുണ്ടെന്ന് സിപിഎം വിലയിരുത്തൽ.