ഇടവേള ബാബുവിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയ വ്ളോഗര്‍ പിടിയില്‍
|സൈബർ പൊലീസിനെതിരെയും ഇയാൾ അധിക്ഷേപം നടത്തിയിരുന്നു
കൊച്ചി: ഇടവേള ബാബുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയ ആള് പിടിയിൽ. വ്ളോഗർ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബർ പൊലീസിന്റെ പിടിയിലായത്. ഇടവേള ബാബുവിന്റെ പരാതിയിലാണ് നടപടി . സൈബർ പൊലീസിനെതിരെയും ഇയാൾ അധിക്ഷേപം നടത്തിയിരുന്നു.
തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. വിനീത് ശ്രീനിവാസന് നായകനായ 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തെക്കുറിച്ച് ഇടവേള ബാബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്.
സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ബാബു പറഞ്ഞത്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബുവിന്റെ വിമർശനം.''മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. ഈ സിനിമ ഫുൾ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകൾക്കാണോ സിനിമാക്കാർക്കാണോ? പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും പിന്തിക്കാൻ പറ്റില്ല. ഞാൻ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാൾ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ് ... എന്നാണ് ഇടവേള ബാബു പറഞ്ഞത്.