പീഡന പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാന് ഇടക്കാല മുൻകൂർ ജാമ്യം
|കേരളം വിട്ടു പോകാൻ പാടില്ലെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്
കൊച്ചി: സൗദി യുവതി നൽകിയ പീഡന പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാന് ഇടക്കാല മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. കേരളം വിട്ടു പോകാൻ പാടില്ല, അന്വേഷണവുമായി പൂർണമായി സഹകരിക്കണം എന്നീ നിബന്ധനയോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. നിലവിൽ വിദേശത്തുള്ള ഷാക്കിർ സുബ്ഹാൻ കേരളത്തിൽ തിരിച്ചെത്തിയാലുടൻ പാസ്‌പോർട്ട് സറണ്ടർ ചെയ്യാനുള്ള നിർദേശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്.
നേരത്തെ ജില്ലാകോടതി ഷാക്കിർ സുബ്ഹാന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഷാക്കിർ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സൗദി യുവതി പൊലീസിൽ പരാതി നൽകിയത്. ഇന്റർവ്യൂവിന് വിളിച്ചു വരുത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകളാണ് ഷാക്കിറിനെതിരെ ചുമത്തിയത്. പരാതി പുറത്തുവന്നതിന് പിന്നാലെ ഷാക്കിർ സുബ്ഹാൻ വിദേശത്തേക്ക് കടന്നിരുന്നു.