വ്ളോഗർ സൂരജ് പാലാക്കാരൻ റിമാന്റിൽ
|യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി
എറണാകുളം: വ്ളോഗർ സൂരജ് പാലാക്കാരൻ റിമാന്റിൽ. SC/ST വിഭാഗക്കാർക്കുള്ള പ്രത്യേക കോടതിയാണ് റിമാന്റ് ചെയ്തത്. സൂരജ് നൽകിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് വ്ളോഗർ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പ് സൂരജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിന് എടുത്ത കേസിലായിരുന്നു സൂരജ് പാലാക്കാരന് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. എറണാകുളം സൗത്ത് പൊലീസാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൂരജ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി.പി നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്.ടി പി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് സൂരജ് മോശം പരാമർശം നടത്തി വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.