'ഞാൻ പാർട്ടി വിട്ടുവെന്ന് സുധാകരൻ പറഞ്ഞത് തെറ്റ്'; കെ.പി.സി.സി നേതൃത്വത്തെ കടന്നാക്രമിച്ച് വി.എം സുധീരൻ
|തനിക്കെതിരായ പ്രസ്താവന കെ.പി.സി.സി പ്രസിഡന്റിന് തിരുത്തേണ്ടിവരുമെന്നും സുധീരൻ പറഞ്ഞു.
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കെ.പി.സി.സി പ്രസിഡന്റും മുതിർന്ന നേതാവുമായി വി.എം സുധീരൻ. താൻ പാർട്ടി വിട്ടുവെന്ന് സുധാകരൻ പറഞ്ഞത് തെറ്റാണ്. അങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ല. സുധാകരനും സതീശനും വന്നപ്പോൾ ഗ്രൂപ്പ് അതിപ്രസരത്തിന് മാറ്റംവരുമെന്നാണ് കരുതിയത്. സ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ ഓരോ ഗ്രൂപ്പിനും ഓരോ ജില്ല എന്ന് ചാർത്തിക്കൊടുക്കരുതെന്ന് താൻ ആവശ്യപ്പെട്ടു. സതീശനും സുധാകരനും പങ്കെടുത്ത ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിർഭാഗ്യവശാൽ ആ രീതിയിലല്ല കാര്യങ്ങൾ പോയത്. ഒരു ചർച്ചയുമില്ലാതെയാണ് ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ചതെന്നും സുധീരൻ പറഞ്ഞു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനങ്ങൾ വേണമെന്നാണ് താൻ ആവശ്യപ്പെട്ടത്. എന്നാൽ അതുണ്ടായില്ല, ഏകപക്ഷീയമായ പ്രഖ്യാപനങ്ങളാണ് വന്നത്. സുധാകരന്റെ നിലപാടിൽ മാറ്റമൊന്നും വന്നില്ല. നേരത്തെ രണ്ട് ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പായി. കൂടുതൽ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്നാണ് എ.ഐ.സി.സി അംഗത്വം രാജിവച്ചത്. പിന്നീട് രാഹുൽ ഗാന്ധി വിളിച്ചെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും സുധീരൻ പറഞ്ഞു.
കെ.പി.സി.സിയുടെ പരിപാടികളിൽ മാത്രമാണ് താൻ പങ്കെടുക്കാതിരുന്നത്. ഡി.സി.സി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അപ്പോഴാണ് താൻ പാർട്ടി വിട്ടുവെന്ന് കെ.പി.സി.സി പ്രസിഡന്റ് പറയുന്നത്. അദ്ദേഹത്തിന്റെ ഭാഗത്ത് ഔചിത്യക്കുറവുണ്ടായിട്ടുണ്ട്. താൻ യോഗത്തിൽ ഉന്നയിച്ച വിമർശനങ്ങൾക്ക് അവിടെയാണ് നേതൃത്വം മറുപടി പറയേണ്ടത്. എന്നാൽ അദ്ദേഹം പരസ്യമായാണ് തനിക്ക് മറുപടി പറഞ്ഞത്. ഒരിക്കലും കെ.പി.സി.സി പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് അദ്ദേഹം ചെയ്തതെന്നും സുധീരൻ പറഞ്ഞു.
താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഉത്തരവാദിത്തപ്പെട്ട ആരും തന്നെ കണ്ടില്ല. രണ്ടുവർഷമാണ് കാത്തിരുന്നത്. താൻ പണിനിർത്തിപ്പോയെന്നാണ് നേതാക്കൾ പറഞ്ഞത്. ഒരാൾ മാറിനിൽക്കുന്നുണ്ടെങ്കിൽ അയാൾ പോട്ടെ എന്ന നിലപാടാണ് ഇപ്പോൾ പാർട്ടിയുടേത്. ഇവരൊക്കെ കോൺഗ്രസിൽ വരുന്നതിന് മുമ്പ് താൻ കോൺഗ്രസുകാരനാണ്. ഇവരാരും സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവരല്ലെന്നും സുധീരൻ കുറ്റപ്പെടുത്തി.