കെ-റെയിലിൽ സർക്കാർ കാണിക്കുന്ന വ്യഗ്രത ദുരൂഹമാണെന്ന് വിഎം സുധീരൻ
|ന്യായം പറയാനില്ലെങ്കിൽ വർഗീയത ആരോപിക്കുകയാണ് മുഖ്യമന്ത്രിയുടെ രീതി, ഇത് ബിട്ടീഷുകാരുടെ പഴയ പ്രചരണത്തിന്റെ അവശിഷ്ടങ്ങളാണ്, ഇത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല
കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന വ്യഗ്രത ദുരൂഹമാണെന്ന് വിഎം സുധീരൻ. പ്രകൃതിയെ മാനിക്കാത്ത വികസനം സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നുണ്ട്. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഡിപിആർ വിവരങ്ങൾ പുറത്ത് വിടാത്തതിലും ദുരൂഹതയുണ്ട്. സിൽവർ ലൈൻ പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും വിഎം സുധീരൻ പറഞ്ഞു.
മൂലമ്പള്ളിയിൽ 216 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കഴിയാത്ത സർക്കാരാണ് കെ റെയിലിന് വേണ്ടി ഇരുപതിനായിരം കുടുംബങ്ങളെ കുടിയിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർ ലൈൻ പദ്ധതി സ്റ്റാന്റേർഡ് ഗേജ് ആയതിനാൽ രാജ്യത്തെ നിലവിലെ ബ്രോഡ്ഗേജ് ലൈനുമായി ബന്ധിപ്പിക്കാനാവില്ല .വിദേശ സഹായം ലക്ഷ്യം വെച്ചുള്ള നിക്ഷിപ്ത താത്പര്യമാണ് പദ്ധതിക്ക് പിന്നിലുള്ളതെന്ന് പറഞ്ഞ വിഎം സുധീരൻ സർക്കാരിനെ കുറ്റപ്പെടുത്തി. കെ റെയിൽ കേരളത്തിലെ വികസനത്തിൻറെയും പരിസ്ഥിതിയുടെയും പാളം തെറ്റിക്കുമെന്നും പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.
ന്യായം പറയാനില്ലെങ്കിൽ വർഗീയത ആരോപിക്കുകയാണ് മുഖ്യമന്ത്രിയുടെ രീതി, ഇത് ബിട്ടീഷുകാരുടെ പഴയ പ്രചരണത്തിന്റെ അവശിഷ്ടങ്ങളാണ്, ഇത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല, തുടങ്ങിയ വിമർശനങ്ങളാണ് വിഎം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ചത്. അതേ സമയം കെ റെയിലുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ വിരുദ്ധാഭിപ്രായമുണ്ടെന്നും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടല്ല കേരളത്തിൽ സിപിഎമ്മിനുള്ളതെന്നും അവർ വീടുകൾ കയറിയിറങ്ങി വർഗീയത പ്രചരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശനമുന്നയിച്ചു.