വീട്ടിൽ വോട്ട്; പ്രതിപക്ഷനേതാവിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
|പ്രചരിക്കുന്നത് സ്റ്റേഷനറി വസ്തുക്കളുടെ ക്യാരി ബാഗുകളുടെ ചിത്രങ്ങൾ
തിരുവനന്തപുരം: വീട്ടിൽ വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകൾ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.
വീട്ടിൽ വോട്ട് ചെയ്തവരുടെ ബാലറ്റുകൾ സീൽ ചെയ്ത ബോക്സുകളിൽ ശേഖരിക്കാനുള്ള നിർദേശം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ ജില്ലാകളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ഇത് പ്രകാരമാണ് സംസ്ഥാനത്ത് വീട്ടിൽ വോട്ട് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വോട്ടെടുപ്പിനാവശ്യമായ സ്റ്റേഷനറി വസ്തുക്കൾ കൊണ്ടുപോകുന്ന ക്യാരി ബാഗുകളുടെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടുകയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
സുഖമവും സുതാര്യവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന് മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു.