ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് അടിത്തറയെ ബാധിക്കില്ല: ഇ.പി ജയരാജൻ
|'ഇടത്പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല'
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തൻ അല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകും. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യം രൂപപ്പെട്ടതാണ്. ബിജെപിക്ക് ചില മണ്ഡലങ്ങളിൽ വോട്ട് കൂടിയത് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ആകെ ഒരു ലോക്സഭാ സീറ്റാണ് സിപിഎമ്മിന് നേടാനായത്. ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ. രാധാകൃഷ്ണൻ വിജയിച്ചത്. സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ എ.എം ആരിഫ് പരാജയപ്പെടുകയും ചെയ്തു. കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ആലപ്പുഴയിൽ വിജയിച്ചത്.