വിഎസ് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്
|ജോണ്‍ ബ്രിട്ടാസ് എംപിയും സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായുണ്ട്.
സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന് പ്രത്യേക ക്ഷണിതാവ്. എം എം മണി, കെ ജെ ജേക്കബ്, ആനത്തലവട്ടം ആനന്ദന്, വി എൻ വാസവൻ എന്നിവരും സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. ജോണ്‍ ബ്രിട്ടാസ് എംപിയും സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായുണ്ട്.
സംസ്ഥാന കമ്മിറ്റിയില്‍ ആകെ 88 അംഗങ്ങളാണുള്ളത്. സെക്രട്ടറിയേറ്റില്‍ 8 പുതുമുഖങ്ങളുണ്ട്. സജി ചെറിയാൻ, മുഹമ്മദ് റിയാസ്, എം സ്വരാജ്, വി എൻ വാസവൻ, പുത്തലത്ത് ദിനേശൻ, പി കെ ബിജു, ആനാവൂർ നാഗപ്പൻ, കെ കെ ജയചന്ദ്രൻ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജി.സുധാകരനെ ഒഴിവാക്കി. കമ്മിറ്റിയിലേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സുധാകരൻ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. സുധാകരന് അടക്കം 13 പേരെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസെന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. 14 പേരാണ് 75 വയസ് കഴിഞ്ഞവരായി കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ്.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും. സെക്രട്ടറി പദവിയില്‍ ഇതു മൂന്നാമൂഴമാണ് കോടിയേരിക്ക്. സി.പി.എമ്മിലെ സൗമ്യമുഖമെന്ന് അറിയപ്പെടുന്ന കോടിയേരി പാർട്ടി പ്രതിസന്ധിയിൽ ആയപ്പോഴൊക്കെ മുന്നിൽ നിന്ന് നയിച്ച നേതാവ് കൂടിയാണ്. കേരളത്തിലെ സി.പി.എം പ്രവർത്തകർക്ക് കോടിയേരി എന്നത് കേവലം ഒരു സ്ഥല നാമമല്ല. മറിച്ച് പോരാട്ടങ്ങളിലൂടെ ഉരുവം ചെയ്തെടുത്ത വിപ്ലവകാരിയുടെ പേരാണ്. എന്നാൽ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വിവാദങ്ങളും കോടിയേരിക്ക് കൂടപ്പിറപ്പായിരുന്നു. അപ്പോഴൊക്കെ അതിനെ മറികടന്ന് തിരിച്ച് വന്ന ചരിത്രമാണ് കോടിയേരി ബാലകൃഷ്ണനുള്ളത്. ഇത്തവണയും ആ ചരിത്രം ആവർത്തിക്കുകയാണ്.