Kerala
ഒരു എൽഡിഎഫ് എംഎൽഎ ഞങ്ങളെ കുത്തിക്കൊന്നാൽ അതിനും കിട്ടുമോ നിയമസഭയുടെ പ്രിവിലേജ്?: വി.ഡി സതീശൻ
Kerala

'ഒരു എൽഡിഎഫ് എംഎൽഎ ഞങ്ങളെ കുത്തിക്കൊന്നാൽ അതിനും കിട്ടുമോ നിയമസഭയുടെ പ്രിവിലേജ്?': വി.ഡി സതീശൻ

Web Desk
|
6 July 2021 6:08 AM GMT

"നിയമപരമല്ലാത്ത ഒരാവശ്യത്തെ ഇന്ത്യയിലെ ഒരു കോടതിയും അംഗീകരിക്കുമെന്ന് തോന്നുന്നില്ല"

തിരുവനന്തപുരം: ക്രിമിനൽ കുറ്റങ്ങളിൽ എംഎൽഎമാർക്ക് എങ്ങനെയാണ് പ്രിവിലേജ് ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭയ്ക്ക് അകത്ത് സംസാരിക്കുന്ന കാര്യങ്ങളിൽ കേസെടുക്കാൻ പാടില്ല എന്നതാണ് പ്രിവിലേജ് എന്നും സതീശൻ ചൂണ്ടിക്കാട്ടി. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നടത്തിയ പരാമർശങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇക്കാര്യത്തിൽ സുപ്രിം കോടതി രൂക്ഷമായ വിമർശനം നടത്തിയിട്ടുണ്ട്. നിയമപരമല്ലാത്ത ഒരാവശ്യത്തെ ഇന്ത്യയിലെ ഒരു കോടതിയും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. കാരണം പരസ്യമായി, ലോകത്തിലെ മുഴുവൻ മലയാളികളെയും സാക്ഷിയാക്കി, നിയമസഭയുടെ പൊതുസ്വത്ത് നശിപ്പിച്ചതു കണ്ടതാണ്. എംഎൽഎമാർക്ക് എന്തു പ്രിവിലേജ് ആണ് ഉള്ളത്. ഈ കേസ് പിൻവലിക്കാൻ ഗവൺമെന്റിനെ അനുവദിച്ചാൽ നാളെ ഒരു സിപിഎം എംഎൽഎ, അല്ലെങ്കിൽ ഒരു എൽഡിഎഫ് എംഎൽഎ ഞങ്ങളെ ആരെയെങ്കിലും കുത്തിക്കൊന്നാലോ? അപ്പോൾ നിയമസഭയുടെ പ്രവിലേജ് കിട്ടുമോ?' - സതീശൻ ചോദിച്ചു.

'നിയമസഭയിൽ എന്താ എംഎൽഎമാർക്കുള്ള പ്രിവിലേജ്? അവിടെ സംസാരിക്കുന്ന കാര്യങ്ങൾക്ക് അതിന്റെ പേരിൽ കേസെടുക്കാൻ പാടില്ല. അതാണ് പ്രിവിലേജ്. നിയമസഭയ്ക്ക് അകത്തോ പാർലമെന്റിലെ ഒരു ക്രിമിനൽ കുറ്റം ചെയ്താൽ അതിൽ എങ്ങിനെയാണ് ഒഴിവു കിട്ടുന്നത്. അതാണ് എന്റെ ചോദ്യം. നിയമസഭയുടെ പൊതുസ്വത്ത് നശിപ്പിച്ചത് ക്രിമിനൽ കുറ്റമാണ്' -അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎം മാണിക്കെതിരായി സുപ്രിംകോടതിയിൽ നടത്തിയ പരാമർശം പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നും സതീശൻ ചോദിച്ചു.'കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടുപോയതാണ്. ഞങ്ങൾ അവരെ പുറത്താക്കിയതല്ല. ജോസ് കെ മാണിയുടെ പിതാവിനെ, മാണി സാറിനെ അപമാനിച്ചിട്ടും അവർ അതിൽ തുടരുന്നത് ശരിയാണോ എന്ന് അവർ ആത്മപരിശോധന നടത്തട്ടെ'- അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് എതിരായ സമരമെന്ന് വിജയരാഘവൻ

നിയമസഭയിൽ നടന്നത് അഴിമതിക്കെതിരായ സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സുപ്രിം കോടതിയിലെ പരാമർശത്തിൽ കെ.എം മാണിയുടെ പേരില്ല. കോടതി കാര്യങ്ങളെ മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിച്ചു. അതിൽ ദുരുദ്ദേശ്യം ഉണ്ട്. യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് എല്ലാ സമരങ്ങളും നടത്തിയത്. ആശയക്കുഴപ്പം ഉണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

മുന്നണിയിലെ പ്രധാന കക്ഷിയാണ് കേരള കോൺഗ്രസ് (എം). ആശയക്കുഴപ്പമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. കെ.എം മാണി ദീർഘകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ്. ബാർ കോഴയിലെ അന്വേഷണത്തിൽ കെ.എം മാണിക്ക് വ്യക്തിപരമായ ബന്ധമില്ല. കേരള കോൺഗ്രസ് യു.ഡി.എഫിൻറെ ഭാഗമായിരുന്നു.യു.ഡി.എഫിനെ തള്ളിപ്പറഞ്ഞാണ് ജോസ് കെ. മാണി വന്നത്. യു.ഡി.എഫിലെ അഴിമതിയെ എതിർത്താണ് അവർ ഇറങ്ങിപ്പോന്നത്. കോടതി പരാമർശിച്ച അഴിമതിക്കാരൻ യു.ഡി.എഫാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

നിയമസഭ കയ്യാങ്കളിക്കേസിൽ പ്രതികളായ എം.എൽ.എമാരെ ന്യായീകരിക്കാൻ, അഴിമതിക്കാരനായ ധനമന്ത്രിക്കെതിരെയാണ് അവർ പ്രതിഷേധിച്ചതെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ വാദിച്ചത്. സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറിൻറേതായിരുന്നു പരാമർശം.

Similar Posts