'തൃശൂർ മേയർ പിന്നിൽനിന്ന് കുത്തി'; കരുവന്നൂർ ബാങ്കിലെ പ്രശ്‌നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നു: വി.എസ് സുനിൽകുമാർ
|പൂരം പൊളിക്കാനുള്ള സംഘ്പരിവാർ അജണ്ടയിൽ പൊലീസിനും പങ്കുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
തിരുവനന്തപുരം: തൃശൂർ മേയർക്കെതിരെ തുറന്നടിച്ച് വി.എസ് സുനിൽകുമാർ. മേയർ എം.കെ വർഗീസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്നിൽനിന്ന് കുത്തിയെന്ന് സുനിൽകുമാർ ആരോപിച്ചു. തൃശൂരിലെ തോൽവിയിൽ പൊലീസിനും പങ്കുണ്ടെന്നും മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പൂരം പൊളിക്കാനുള്ള സംഘ്പരിവാർ അജണ്ടയിൽ പൊലീസ് കമ്മീഷണർ വീണു. പൂരത്തിൽ വെടിക്കെട്ട് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങൾ പെട്ടെന്നാണ് എടുത്തത്. പൂരം കമ്മിറ്റി ഇത് സംബന്ധിച്ച് ഒന്നും അറിഞ്ഞിട്ടില്ല. കമ്മീഷണർ സ്വന്തം നിലക്ക് തീരുമാനമെടുക്കുകയായിരുന്നു. ഇതിന് പിന്നിൽ ചിലർ പ്രവർത്തിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിവരും. പൂരം നടത്തിപ്പിൽ പ്രവർത്തനപരിചയമുള്ള പൊലീസുകാരെ കമ്മീഷണർ പൂർണമായി മാറ്റിനിർത്തിയെന്നും സുനിൽകുമാർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കരുവന്നൂർ ബാങ്കിലെ പ്രശ്‌നം നീട്ടിക്കൊണ്ടുപോകാതെ പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നും സുനിൽകുമാർ പറഞ്ഞു.