കണ്ണേ..കരളെ വി.എസ്സേ...അണികളുടെ ഹൃദയാന്തരങ്ങളിലേക്ക് പടര്‍ന്നുകയറിയ വി.എസ്
|വ്യക്തിയാരാധാനയ്ക്കുള്ള വേലിക്കെട്ട് തകര്‍ത്ത് അവര്‍ ഒറ്റയൊരാള്‍ക്ക് മാത്രമേ കരളും കണ്ണും പറിച്ചു നല്കിയിട്ടുള്ളൂ
തിരുവനന്തപുരം: അണികളുടെ ഹൃദയാന്തരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അസാമാന്യമായൊരു ശേഷിയുണ്ടായിരുന്നു വി.എസ് അച്യുതാനന്ദന്. കണ്ണും കരളും റോസാപ്പൂവും മണിമുത്തുമൊക്കെയായി വി.എസ് മനസുകളില്‍ നിന്നും മനസ്സുകളിലേക്ക് പടര്‍ന്നത് ഈ ശേഷി കൊണ്ടാണ്. വി.എസെന്ന രാഷ്ട്രീയ പ്രതിഭാസത്തിന് നൂറ് വയസ്സ് പിന്നിടുമ്പോള്‍ വൈകാരികാവശത്തോടെ സഖാവേയെന്ന് നീട്ടി വിളിക്കാന്‍ മറ്റൊരാളില്ലാതെ വീര്‍പ്പുമുട്ടുകയാണ് സി.പി.എം അണികള്‍.
വ്യക്തിയാരാധാനയ്ക്കുള്ള വേലിക്കെട്ട് തകര്‍ത്ത് അവര്‍ ഒറ്റയൊരാള്‍ക്ക് മാത്രമേ കരളും കണ്ണും പറിച്ചു നല്കിയിട്ടുള്ളൂ. അയാളുടെ പേര് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍. മുഷ്ടി ചുരുട്ടി ചെമ്മാനത്തേക്കുയര്‍ത്തി ധീരസഖാവേ വിഎസേയെന്ന് നീട്ടി വിളിക്കുന്നതിനേക്കാള്‍ കവിഞ്ഞൊരാനന്ദവും ഇക്കണ്ട കാലത്തിനിടയ്ക്ക് മലയാള നാട്ടിലെ സഖാക്കള്‍ക്കുണ്ടായിട്ടില്ല. വേലിക്കകത്തും പുറത്തും ആള്‍ക്കൂട്ടം പൊതിഞ്ഞുനിന്ന ദശാബ്ദങ്ങള്‍...
നടത്തത്തിലും ഓട്ടത്തിലും കയറ്റത്തിലും ഇറക്കത്തിലുമൊക്കെ നെഞ്ചിടിപ്പോടെ ചേര്‍ത്തുപിടിച്ച ഇന്നലെകള്. കൂടെയോടാനാകാതെ തോറ്റു പിന്‍വാങ്ങിയ കാലവും ചരിത്രവും. ഇടനെഞ്ചിനകത്തെ ചില്ലുകൂട്ടില്‍ വിഎസ് എന്ന രണ്ടക്ഷരങ്ങളെ താലോലിച്ചോമനിച്ച കേരളത്തിന് ഇന്നേക്ക് നൂറ് വയസ്. നീട്ടിക്കുറുക്കി വി.എസ് എയ്ത വാക്ശരങ്ങളെക്കാള്‍ മൂര്‍ച്ചയുള്ള മറ്റൊരായുധവും സി.പി.എമ്മിന്‍റെ ആവനാഴിയില്‍ നിന്ന് പിന്നീട് കണ്ടിട്ടില്ല. അണികളിലേക്ക് ഊര്‍ന്നിറങ്ങാന്‍ അസാമാന്യമായ ശേഷിയുണ്ടായിരുന്നു വി.എസിന്.
പുന്നപ്രയും വയലാറും സമര തീക്ഷ്ണതകളുടെ ഭൂതകാലവും കടന്ന വിപ്ലവത്തഴമ്പ് വി.എസിനെ പാര്‍ട്ടിയിലെ ഒറ്റയാനാക്കി. പുന്നപ്രയുടെ പൊന്നോമനയെ സഖാവുയര്‍ത്തിയ മുദ്രാവാക്യം ഞങ്ങളീ മണ്ണില്‍ ശാശ്വതമാക്കും. ആലപ്പുഴയില്‍ കേട്ടത് അങ്ങനെയെങ്കില്‍ മലമ്പുഴയിലത് സ്നേഹവായ്പിന്‍റെ മലവെള്ളപ്പാച്ചിലായി. കണ്ണേ കരളേ വി.എസ്സേ മലമ്പുഴയുടെ മണിമുത്തേയെന്ന് അവര്‍ മാറ്റി വിളിച്ചു.
എതിരാളികളില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരു അകത്തുള്ളവരും ഒരുപോലെ വിഎസിന്‍റെ കരുത്തറിഞ്ഞു. സീറ്റ് പോലും നല്കാതെ ഒതുക്കാന്‍ നോക്കിയവര്‍ പിന്നീട് മുഖ്യമന്ത്രി പദം വരെ നല്കി മുട്ടിടിച്ചു വീണതിനും കേരളം സാക്ഷിയായി. തനിക്ക് പഥ്യമല്ലാത്ത നിലപാട് തറകള്‍ പൊട്ടിച്ചെറിഞ്ഞ് പുറത്തേക്കൊഴുകിയ വി.എസിലെ മനുഷ്യസ്നേഹി പലപ്പോഴും പാര്‍ട്ടിക്കേല്പിച്ചത് വലിയ പരിക്കുകള്‍ . നേതൃത്വത്തിന്‍റെ വിലക്ക് തള്ളി ടി.പി ചന്ദ്രശേഖരന്‍റെ വിധവ കെ.കെ രമയെ ചേര്‍ത്തുപിടിച്ചപ്പോഴും വി.എസാണ് ശരിയെന്ന് അണികള്‍ തീര്‍പ്പെഴുതി. സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിലെ ഇടപെടലുകളും വി.എസിനെ സാധാരണക്കാരുടെ നെഞ്ചിലെ തീയാക്കി. തിരുത്തി മടുത്ത തെറ്റുകളും ആരോപണ ശരങ്ങളും പാര്‍ട്ടിയെ വരിഞ്ഞുമുറുക്കിയ കാലത്തും കൊമ്രേഡ് എന്ന് അക്ഷരം തെറ്റാതെയുച്ചരിക്കാന്‍ കാരണക്കാരനായി വിപ്ലവ വഴികളിലെ കെടാത്ത കല്‍വിളക്കായി വിഎസെന്ന രാഷ്ട്രീയ നൂറ്റാണ്ട് ലോക രാഷട്രീയത്തില്‍ തന്നെ അതിശയമാകുന്നു.