'പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തരുമല്ലോ, അത് നോക്കി പിടിച്ചാൽ പോരേ'; വീഡിയോ പങ്കുവെച്ച് ആഭ്യന്തര വകുപ്പിനെതിരെ ബൽറാം
|പൊലീസ് വാഹനത്തിൽ കയറ്റിയ യുവാക്കൾ ജനാലയിലൂടെ പുറത്തുകടക്കുന്നതും പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ എന്ന് ചോദിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബൽറാമിന്റെ പരിഹാസം
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്‌ഐക്കാർ അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം കനപ്പിക്കുകയാണ്. ആയിരങ്ങളെ അണിനിരത്തിയാണ് കോൺഗ്രസ് കൽപറ്റയിൽ പ്രകടനം നടത്തി. ഇപ്പോഴിതാ അഭ്യന്തര വകുപ്പിനെ പരിഹസിച്ചുകൊണ്ട് വി.ടി ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
പൊലീസ് വാഹനത്തിൽ കയറ്റിയ യുവാക്കൾ ജനാലയിലൂടെ പുറത്തുകടക്കുന്നതും പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ എന്ന് ചോദിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബൽറാമിന്റെ പരിഹാസം
അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയ യുവാക്കൾ പൊലീസിനോട് രോഷം കാണിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വാഹനത്തിൽ കയറ്റിയ യുവാക്കൾ മറുവശത്തെ ജനാലയിലൂടെ പുറത്തുചാടുന്നുണ്ട്. പ്രതിഷേധക്കാരിൽ ഒരാൾ 'പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ' എന്ന് പൊലീസിനോട് ചോദിക്കുന്നത് ചൂണ്ടികാട്ടിയ ബൽറാം സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെയും വിമർശനം ഉന്നിയിച്ചിട്ടുണ്ട്.
ബൽറാമിൻറെ ഫേസ്ബുക്ക് പോസ്റ്റ്
പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്! കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?