Kerala
സാഹചര്യത്തിനനുസരിച്ച് തള്ളിപ്പറയും, ശേഷം ഇതേ പ്രതികളുടെ വീട്ടിൽ കല്യാണം നടത്താനും സി.പി.എം ഉണ്ടാകും വി.ടി ബൽറാം
Kerala

'സാഹചര്യത്തിനനുസരിച്ച് തള്ളിപ്പറയും, ശേഷം ഇതേ പ്രതികളുടെ വീട്ടിൽ കല്യാണം നടത്താനും സി.പി.എം ഉണ്ടാകും' വി.ടി ബൽറാം

Web Desk
|
26 Jun 2021 7:46 AM GMT

'പ്രതികളാക്കപ്പെടുന്നവരെ തള്ളിപ്പറയുന്നത് സി.പി.എമ്മിൻറെ സ്ഥിരം ശൈലി, ഇതേ പ്രതികളുടെ വീട്ടിൽ കല്യാണം നടത്താനും സി.പി.എം ഉണ്ടാകും' വി.ടി ബൽറാം

ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറഞ്ഞ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പ്രതികളാക്കപ്പെടുന്നവരെ തള്ളിപ്പറയുന്നത് സി.പി.എമ്മിന്‍റെ സ്ഥിരം ശൈലിയാണെന്നും, അതുകഴിഞ്ഞാല്‍ പ്രതികളുടെ വീട്ടില്‍ കല്യാണം നടത്താന്‍ ഇതേ സി.പി.എം ഉണ്ടാകുമെന്നും ബല്‍റാം പരിഹസിച്ചു.

പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത പലരും സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ കബളിപ്പിച്ച് നേതാക്കളായി മാറുകയാണെന്നും കള്ളക്കടത്തുകാർക്ക് ലൈക്ക് ചെയ്യുന്നവർ അത് തിരുത്തണമെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാമനാട്ടുകര സ്വര്‍ണ്ണകവര്‍ച്ച കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ സി.പി.എം ബന്ധം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു ഷാജറിന്‍റെ പ്രതികരണം.

എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയുള്ള വാദം മാത്രമാണ് സിപിഎമ്മും ഡി.വൈ.എഫ്.ഐയും മുന്നോട്ടുവെക്കുന്നതെന്ന് ബല്‍റാം മീഡിയവണിനോട് പ്രതികരിച്ചു.

ബല്‍റാമിന്‍റെ പ്രതികരണത്തില്‍ നിന്ന്

കൃപേശിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് പങ്കില്ലെന്നാണ് അവര്‍ പറയുന്നത്. എന്നിട്ട് മറുവശത്ത് പ്രതികളാക്കപ്പെടുന്നവര്‍ക്ക് എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് നിയമനം നല്‍കുന്നതും ഇതേ പാര്‍ട്ടിയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി പ്രതികളുമയി ബന്ധമില്ലെന്ന പറഞ്ഞ് കൈകഴുകുന്ന സമീപനമാണ് സ്ഥിരമായി കാണുന്നത്. ഈ പ്രതികള്‍ സി.പി.എമ്മിന്‍റെ പാര്‍ട്ടി ഓഫീസിന്‍റെ മുമ്പില്‍ നിന്ന് ഫോട്ടോ എടുത്തതിന്‍റെ പേരില്‍ ഇവര്‍ സിപിഎം കാരാണെന്നല്ല ഞങ്ങള്‍ പറയുന്നത്...
ഇവര്‍ സിപിഎമ്മിന്‍റെ സൈബര്‍ തൊഴിലാളികളാണ്... ഗുണ്ടകളാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുന്നവര്‍ക്കറിയാം. അര്‍ജ്ജുന്‍ ആയങ്കിയുടെയൊക്കെ പല ഫേസ്ബുക് പോസ്റ്റുകളും സി.പി.എമ്മിന്‍റെ നേതാക്കളില്‍ പലരും മുന്‍കാലങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സി..പിഎം നേതാക്കളുമായി ഇവര്‍ക്ക് അടുപ്പമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ആകാശ് തില്ലങ്കേരിയെന്ന കൊലക്കേസ് പ്രതിയുടെ പിറന്നാള്‍ പോലും സി.പി.എം സൈബര്‍ അണികള്‍ വലിയ രീതിയില്‍ ആഘോഷമാക്കാറുണ്ട്. ഇതൊന്നും അത്ര നിഷ്കളങ്കമായ ബന്ധമൊന്നമല്ല.. വളറെ ആഴത്തിലുള്ള ബന്ധമാണ്, അതിന് പാര്‍ട്ടിയുടെ സംവിധാനമാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. എന്നിട്ട് പിടിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ക്കതില്‍ പങ്കില്ല, അവരെ പുറത്താക്കിയതാണ് എന്നൊക്കെ പറയുന്ന സിപിഎം നിലപാട് എത്രയോ തവണ കേരളം കണ്ടതാണ്'


Similar Posts