അഭിമാനത്തോടു കൂടി തന്നെ പറയാം വനിതാ കമ്മീഷൻ അധ്യക്ഷ ഒരു സഖാവാണ്- ജോസഫൈന്റെ പഴയ പ്രതികരണം പങ്കുവച്ച് വി.ടി. ബൽറാം
|ഭർതൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് കയർത്തു സംസാരിച്ചാണ് വീണ്ടും എം.സി. ജോസഫൈൻ വീണ്ടു വിവാദത്തിലായത്
ഭർതൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരേ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം.
കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ടി. ബൽറാം ജോസഫൈൻ മുമ്പ് പറഞ്ഞ വാക്കുകളാണ് പങ്കുവച്ചിരിക്കുന്നത് .മറ്റൊരു വിവാദത്തിൽ പെട്ടപ്പോൾ എം.സി. ജോസഫൈൻ തന്നെ പറഞ്ഞ വാക്കുകളാണ് ഇവ.
'വനിതാ കമ്മീഷൻ അധ്യക്ഷയായിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാൻ വേണ്ടി സാധിക്കും''
ഇതായിരുന്നു വി.ടി. ബൽറാം പങ്കുവച്ച വാക്കുകൾ. താഴെ സഖാവ് എന്നെഴുതി ഹൃദയ ചിഹ്നവും ചേർത്തിട്ടുണ്ട് ബൽറാം.
ഭർതൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് കയർത്തു സംസാരിച്ചാണ് വീണ്ടും എം.സി. ജോസഫൈൻ വീണ്ടു വിവാദത്തിലായത്.
ഗാർഹിക പീഡനം നേരിടുന്നവർക്ക് തത്സമയം പരാതി നൽകാനായി വാർത്താചാനൽ നടത്തിയ പരിപാടിയിലാണ് ഭർത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്.
യുവതി സംസാരിച്ച് തുടങ്ങിയതുമുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയിൽ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈൻ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ. 'എന്നാൽ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു എം.സി.ജോസഫൈൻറെ പ്രതികരണം.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈൻ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനിൽ വേണേൽ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേൾക്കണമെങ്കിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട എം.സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമർശനം ഉയർന്നിരുന്നു.